കോട്ടയം : വൈക്കത്ത് 36 ഏക്കർ വയലിൽ തീപിടിത്തം. നാറാണത്ത് ബ്ലോക്ക് പാടശേഖരത്തിലാണ് തീപിടിത്തമുണ്ടായത്. പുല്ലിന് തീയിട്ടപ്പോൾ പടർന്നു പിടിക്കുകയായിരുന്നു. തരിശായി കിടന്ന പാടശേഖരത്തിൽ ഇന്ന് രാവിലെ 9 ഓടെയാണ് തീപിടുത്തമുണ്ടായത്.
തീപിടിത്തമുണ്ടായി നാല് മണിക്കൂറിന് ശേഷമാണ് തീയണക്കാനായത്. സംഭവ സ്ഥലത്തേക്ക് ഫയർഫോഴ്‌സിന് എത്തിച്ചേരാൻ പ്രയാസം നേരിട്ടതിനാലാണ് തീയണയ്ക്കാൻ വൈകിയത്. വേഗത്തിൽ ആളിപടർന്ന തീ ഒരു മണിക്കൂറിനകം പാടശേഖരത്തിൻ്റെ പകുതിയിലേറെ ഭാഗത്തേക്ക് കത്തി കയറി.
പാടശേഖരത്തിൻ്റെ പരിസരത്ത് പത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സമീപത്തെ വീടുകളിലേക്ക് പടരുന്നതിന് മുമ്പ് തീ അണക്കാനായതിനാൽ വൻ അപകടം ഒഴിവായതായി പ്രദേശവാസികൾ പറഞ്ഞു. വൈക്കം ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. പ്രദേശത്ത് ഉണങ്ങിയ പുല്ലുകൾ ഏറെയുള്ളതിനാൽ കൂടുതൽ പുക ഉയരാൻ തുടങ്ങിയതോടെ തീ അണക്കാൻ പ്രയാസം നേരിട്ടു.
പാടശേഖരത്തിൻ്റെ വരമ്പിലെ പടർപ്പുകളും പുല്ലും വെട്ടി നീക്കി തൊഴിലാളികൾ തീയിട്ടപ്പോൾ പാടശേഖരത്തിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നെന്നാണ് കരുതുന്നത്.
Also Read: കടുത്ത വേനലില്‍ തീപിടിത്ത സാധ്യത ; കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്