തിരുവനന്തപുരം: പാപ്പനംകോടുണ്ടായ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾ വെന്ത് മരിച്ചു. ന്യൂ ഇന്ത്യ ഏജന്‍സി ഓഫീസിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഒരാൾ ഓഫീസിൽ ജീവനക്കാരിയായ വൈഷ്‌ണവിയാണ് (35).
രണ്ടാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അഗ്നിശമന സേനാംഗങ്ങളെത്തി തീ പൂര്‍ണമായും കെടുത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. രണ്ട് മൃതദേഹങ്ങളും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്ന് (സെപ്റ്റംബർ 3 ) ന് ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയായിരുന്നു സംഭവം. പാപ്പനംകോട് ജംഗ്ഷനു സമീപമുള്ള കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ ഓഫീസിൽ തീ പടരുകയായിരുന്നു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ഇലക്ട്രിക് ഉപകരണങ്ങളില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ ശബ്‌ദം കേട്ട് ഓടിയെത്തിയ സമീപത്തെ മറ്റു കടക്കാരാണ് ആദ്യം തീ അണച്ചത്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമേ തീപിടുത്ത കാരണം വ്യക്തമാകൂ എന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചു.
Also Read:ചാത്തമംഗലത്ത് കൊപ്ര ചേവിന് തീപിടിച്ചു; അപകടം കൊപ്ര ഉണക്കാൻ തീയിടുന്നതിനിടെ