കൊല്ലം : മകളുടെ ആൺ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു. ഇരവിപുരം മാർക്കറ്റിന് പിൻവശത്ത് വാടകയ്ക്ക് താമസിക്കുന്ന അരുൺ (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. സംഭവ ശേഷം ഇരവിപുരം വടക്കുഭാഗം നാൻസി വില്ലയിൽ പ്രസാദ് പൊലീസിൽ കീഴടങ്ങി.
കുരിപ്പുഴ മമ്മൂട്ടിൽ കടവ് ഇരട്ടക്കട ജങ്‌ഷന് സമീപത്തെ പ്രസാദിൻ്റെ ബന്ധു വീട്ടിൽ വിളിച്ച് വരുത്തിയാണ് അരുണിനെ പ്രതി കുത്തിയത്. അരുണും പ്രസാദിൻ്റെ മകളും സ്നേഹത്തിലായിരുന്നതായും പലതവണ ഇതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മരണപ്പെട്ട അരുണും കൂട്ടുകാരനും കൂടിയാണ് കുരിപ്പുഴ പെൺകുട്ടിയുടെ ബന്ധു വീട്ടിൽ എത്തിയത്. പ്രതി പ്രസാദ് തന്നെയാണ് കാര്യങ്ങൾ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയത്. വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പ്രസാദ് കൈയ്യിൽ കരുതിയിരുന്ന കഠാരകൊണ്ട് അരുണിനെ കുത്തുകയായിരുന്നു. കുത്ത് കൊണ്ട് നിലത്ത് വീണ അരുണിനെ നാട്ടുകാർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പ്രതി പ്രസാദ് ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി. ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.