കണ്ണൂർ: ഒരേ ബസിൽ ഡ്രൈവറും കണ്ടക്‌ടറുമായി അച്ഛനും മകളും. തിരുമേനിയിലെ അരീപ്പാറയ്ക്കൽ സ്വദേശി സന്തോഷും മകള്‍ ശ്വേതയുമാണ് ഒരേ ബസിലെ ജീവനക്കാര്‍. അച്ഛനും സഹോദരനും മറ്റ് ബന്ധുക്കളും ബസിൽ ജോലി ചെയ്യുന്നത് ചെറുപ്പം മുതൽ കണ്ടുവളർന്ന ശ്വേതയുടെ ഉള്ളിലെ മോഹം പൂവണിഞ്ഞത് രണ്ടാഴ്‌ച മുമ്പ് കണ്ടക്‌ടർ ലൈസൻസ് സ്വന്തമാക്കിയതോടെയാണ്.
തിരുമേനി-ചെറുപുഴ-കോഴിച്ചാൽ-പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്‌മി ബസിലാണ് ഇരുവരും ജോലി ചെയ്യുന്നത്. അപൂർവമായ ഒരു ബസ് തൊഴിലാളി കുടുംബം തന്നെയാണ് ഇവരുടേത്. സന്തോഷിൻ്റെ മകൻ സ്വരൂപ് ഐഷാനി എന്ന സ്വകാര്യ ബസിൽ ഡ്രൈവറാണ്.
ബന്ധുക്കൾ മിക്കവരും ബസ് തൊഴിലാളികളാണ്. ഇപ്പോൾ ശ്വേത അച്ഛൻ ഡ്രൈവറായ അതേ ബസിൽ തന്നെ കണ്ടക്‌ടർ. ബസിലെ ജോലി തനിക്കേറെ ഇഷ്‌ടമാണെന്നും അതുകൊണ്ടാണ് ഡാൻസ് ടീച്ചറായിരുന്ന താൻ അതുവിട്ട് ബസ് കണ്ടക്‌ടറായതെന്നും ശ്വേത പറഞ്ഞു. ശ്വേതയുടെ ഭർത്താവ് ഷിജു മലേഷ്യയിലാണ് ജോലി ചെയ്യുന്നത്.
ഭർത്താവിൻ്റെ കട്ട സപ്പോർട്ടും അച്ഛൻ സന്തോഷ് പകർന്ന് നൽകുന്ന ധൈര്യവും സഹോദരങ്ങളുടേയും ബന്ധുക്കളുടേയും യാത്രക്കാരുടേയും നിറഞ്ഞ സ്നേഹവും തനിക്ക് ലഭിക്കുന്നുണ്ടെന്നും ശ്വേത പറയുന്നു.