ഇടുക്കി: എറെ അനിശ്ചതത്വങ്ങള്‍ക്കൊടുവില്‍ ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ ഭൂപ്രശ്‌നങ്ങള്‍ക്ക് സമഗ്രമായ പരിഹാരമായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോളും നിയമത്തെ എതിര്‍ത്ത് കര്‍ഷക സംഘടനകള്‍ ഇപ്പോഴും നിലപാട് മാറ്റിയിട്ടില്ല. ചട്ട രൂപീകരണം നടന്നാലും ക്രമവൽക്കരണത്തിന് മാത്രമാണ് നിയമ ഭേദഗതിയെന്നും നിയമത്തിലെ ഭരണഘടന വിരുദ്ധതയും മറ്റ് നിയമവശങ്ങളും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് സ്വതന്ത്ര കര്‍ഷക സംഘടനയായ അതിജീവന പോരാട്ടവേദിയുടെ നിലപാട്.
കാലങ്ങളായി നിലനില്‍ക്കുന്ന വലിയ ഭൂപ്രശ്‌നങ്ങള്‍ക്ക് സമഗ്രമായ പരിഹാരം കാണുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ പ്രശ്‌ന പരിഹാരമായെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. 1964ലെ ചട്ടമനുസരിച്ച് പതിച്ച് നല്‍കിയിരിക്കുന്ന ഭൂമിയില്‍ വീട് വയ്ക്കുന്നതിനും കൃഷിയ്ക്കും മാത്രമാണ് അനുമതി. അതുകൊണ്ട് തന്നെ നിലവിലുള്ള മറ്റ് നിര്‍മാണങ്ങള്‍ അനധികൃതമായി മാറി.
നിയമ നിര്‍മ്മാണത്തിലൂടെ ഇവ ക്രമവല്‍ക്കരണം നടത്തി ഇവ സാധൂകരിക്കാനും ഭാവിയില്‍ ഗാര്‍ഹികേതര നിര്‍മാണങ്ങള്‍ നടത്തുന്നതിനും മറ്റ് ഭൂപ്രശ്‌നങ്ങള്‍ക്കും നിയമനിര്‍മാണത്തിലൂടെ പരിഹരാമായെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നിയമത്തിനെതിരെ ആദ്യം മുതല്‍ ഇടഞ്ഞ് നിന്നിരുന്ന കര്‍ഷക സംഘടനകള്‍ ഇപ്പോളും കടുത്ത എതിര്‍പ്പിലാണ്. നിയമ നിര്‍മ്മാണം ക്രമവല്‍ക്കരണത്തിന് വേണ്ടി മാത്രമാണെന്നാണ് ഇവരുടെ നിലപാട്.
നിയമത്തില്‍ ഭരണഘടന വിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിജീവന പോരാട്ട വേദി ചെയര്‍മാന്‍ റസാക്ക് ചൂരവേലില്‍ പറഞ്ഞു. നിയമ സഭയില്‍ ബില്ലിനെ അനുകൂലിച്ച് കോണ്‍ഗ്രസ് വോട്ട് ചെയ്‌തെങ്കിലും ക്രമവല്‍ക്കരണമെന്ന പേരില്‍ സാമ്പത്തിക ലാഭമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന ആരോപണമാണ് കോണ്‍ഗ്രസും യുഡിഎഫും ഉന്നയിക്കുന്നത്.
Also Read:പട്ടയം ഔദാര്യമല്ല അവകാശം; കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി പ്രക്ഷോഭത്തിലേക്ക്