മാനന്തവാടി: പത്താംക്ലാസ് പൂർത്തിയാക്കിയശേഷം സ്വന്തം ഇഷ്‌ട പ്രകാരം മുഴുനീള കർഷകനായതാണ് വയനാട് മാനന്തവാടിക്കടുത്തുള്ള കമ്മന, അമ്പിളി നിലയത്തിലെ ആലഞ്ചേരി ബാലകൃഷ്‌ണൻ. 75-ാം വയസിലും കൃഷിയിൽ നിറഞ്ഞുനിൽക്കുന്ന ബാലകൃഷ്‌ണൻ ഇപ്പോൾ അംഗീകാര നിറവിലാണ്. സ്വയം വികസിപ്പിച്ചെടുത്ത '916' മഞ്ഞളിന് പേറ്റൻ്റ് കിട്ടിയ സന്തോഷത്തിലാണ് അദ്ദേഹം.
ബാലകൃഷ്‌ണൻ്റെ തോട്ടത്തിൽ നട്ട മഞ്ഞൾ പറിച്ചുനോക്കിയപ്പോൾ ഒരു ചുവടിൽനിന്ന് കൂടുതൽ വിളവും മറ്റു മഞ്ഞൾ കടകളെ അപേക്ഷിച്ച് കൂടുതൽ സ്വർണ വർണവും ശ്രദ്ധയിൽപ്പെട്ടു. ഒരു വർഷം മഞ്ഞളൊന്നും പറിക്കാതെ നിന്നപ്പോൾ ചെടി പൂവിട്ടു. പൂക്കൾക്കിടയിൽ വിത്തുണ്ടാവുമെന്ന് മനസിലാക്കിയ ബാലകൃഷ്‌ണൻ ഇവ ശേഖരിച്ച് പാകി മുളപ്പിച്ച് പരീക്ഷണം നടത്തി. ഇങ്ങനെ നട്ട ഒരു ചുവടിൽനിന്ന് ഒന്നരക്കിലോയിലധികം മഞ്ഞൾ ലഭിച്ചതായി ബാലകൃഷ്‌ണൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വന്തമായി വികസിപ്പിച്ചെടുത്ത മഞ്ഞളിന് '916' എന്നാണ് ബാലകൃഷ്‌ണൻ പേരിട്ടത്. ഇതിൻ്റെ കൂടുതൽ പ്രചാരത്തിനും മറ്റുമായി ഭാരതസർക്കാരിന് കീഴിലുള്ള പ്രൊട്ടക്ഷൻ പ്ലാൻ്റ് വെറൈറ്റിസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ് അതോറിറ്റിക്ക് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ഏഴു വർഷമായുള്ള കാത്തിരിപ്പിനൊടുവിലാണ് ബാലകൃഷ്‌ണൻ്റെ '916' മഞ്ഞളിന് 15 വർഷത്തെ പേറ്റൻ്റ് ലഭിച്ചത്. അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് കൂടുതൽ പ്രചോദനമാവുമെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.
സ്വന്തമായി കുരുമുളക് വള്ളികൾ വികസിപ്പിച്ചും ബാലകൃഷ്‌ണൻ നേരത്തേ മാതൃക തീർത്തതാണ്. അശ്വതി, സുവർണ ഇനങ്ങളാണ് വികസിപ്പിച്ചെടുത്തത്. ഇവയ്ക്കും പേറ്റൻ്റ് ലഭിച്ചിട്ടുണ്ട്. പുതിയതായി വികസിപ്പിച്ചെടുത്ത 'പ്രീതി' എന്ന കുരുമുളക് ഇനത്തിൻ്റെ പേറ്റൻ്റിനായി കാത്തിരിക്കുകയാണിപ്പോൾ.
തനി വയനാടൻ കുരുമുളക് ഇനങ്ങളായ കരിംകൊട്ട, വാലൻകൊട്ട, കല്ലുവാലൻകൊട്ട, കറുത്തവാലൻകൊട്ട, കല്ലുവള്ളി, ചെറുവള്ളി (ഒന്ന്, രണ്ട്), ഉതിരൻകൊട്ട, ഉപ്പുതിരൻകൊട്ട, വയനാടൻ ബോൾട്ട്, അരിക്കൊട്ട, മൂലന്തേരി, ഐന്തിരിയൻ തുടങ്ങി 12 ഇനങ്ങൾ ബാലകൃഷ്‌ണൻ സംരക്ഷിക്കുന്നുണ്ട്.
2008 ൽ കേരള കാർഷിക സർവകലാശാലയുടെ കർഷക ശാസ്ത്രജ്ഞ അവാർഡും 2009ൽ നാഷണൽ ഇനവേഷൻ ഫൗണ്ടേഷൻ്റെ ദേശീയ കർഷക അവാർഡും ബാലകൃഷ്‌ണനെ തേടിയെത്തി. 2023ൽ സംസ്ഥാന ജൈവവൈവിധ്യ ബേർഡിൻ്റെ സസ്യസംരക്ഷണത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. ഭാര്യ രുക്‌മിണിയും ബാലകൃഷ്‌ണൻ്റെ കാർഷിക പ്രവർത്തനങ്ങൾക്കൊപ്പം സജീവമായി രംഗത്തുണ്ട്.
Also Read: മായമില്ലാത്ത 'തിരുവാർപ്പ് ചില്ലീസ്'; നൂറുമേനി വിളഞ്ഞ് പഞ്ചായത്തിന്‍റെ പച്ചമുളക് കൃഷി