ദിവസത്തിൽ രണ്ടു തവണ പല്ല് തേക്കുന്നവരാണ് മിക്കവരും. ഇത് പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. എന്നാൽ പല്ല് തേക്കാൻ മടിയുള്ള ആളുകളും നമുക്കിടയിലുണ്ട്. ഈ ശീലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. ഒന്നോ രണ്ടോ ദിവസം പല്ല് തേക്കാതിരുന്നാൽ വലിയ കൊഴപ്പങ്ങളൊന്നും സംഭവിക്കില്ല. എന്നാൽ ദീർഘനാൾ പല്ല് തേക്കാതിരുന്നാൽ വായിൽ ബാക്‌ടീരിയകൾ പെരുകാൻ കാരണമാകും. ഇത് വായനാറ്റം, പല്ലുകളിലെ നിറവ്യത്യാസം, കറ എന്നിവ ഉൾപ്പെടെയുള്ള പല പ്രശ്‌നങ്ങൾക്കും ഇടയാക്കും.
പല്ലും വായയും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പല്ല് വൃത്തിയാക്കാതിരുന്നാൽ മോണയുടെയും പല്ലിന്‍റേയും ഇടയിൽ ബാക്‌ടീരിയകൾ നിറഞ്ഞ പ്ലാക്ക് അടിഞ്ഞു കൂടും. മോണ പഴുക്കാനും പല്ലിന്‍റെ ഇനാമൽ ദുർബലമാകാനും വായ് നാറ്റത്തിനും ഇത് കാരണമാകുമെന്ന് വിദഗ്‌ധർ പറയുന്നു. അതേസമയം വായയുടെ ശുചിത്വം പല്ലുകളുടെ ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടതല്ല. മറ്റ് അവയവങ്ങളുടെ ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. അവ ഏതൊക്കെയെന്ന് അറിയാം.
ശ്വാസകോശ സംബന്ധമായ അണുബാധ
ദിവസവും പല്ല് ശുചിയാക്കാതിരുന്നാൽ വായയിൽ ബാക്‌ടീരിയ അടിഞ്ഞുകൂടാൻ കാരണമാകും. ഇത് അണുബാധ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് കാരണമായേക്കാം. അതിനാൽ വായ വൃത്തിയായി സൂക്ഷിക്കേണ്ടത് ശ്വാസകോശത്തിന്‍റെ ആരോഗ്യം നിലനിർത്താൻ വളരെ പ്രധാനമാണ്.
ഹൃദയ സംബന്ധമായ അസുഖങ്ങൾ
വായ വൃത്തിയായി സൂക്ഷിക്കേണ്ടത് ഹൃദയത്തിന്‍റെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. വായയിൽ അണുക്കൾ അടിഞ്ഞു കൂടുമ്പോൾ രക്തധമനികൾക്കുള്ളിൽ പ്രവേശിക്കും. ഇത് രക്തത്തിലൂടെ ഹൃദയത്തിൽ എത്തുകയും സ്ട്രോക്ക്, എൻഡോകാർഡിറ്റിസ് എന്നീ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
പ്രമേഹം
വായയുടെ ശുചിത്വമില്ലായ്‌മ മോണ വീക്കത്തിന് കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് ദുർബലപെടുത്തും. ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവും കുറയ്ക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വർധിക്കാൻ ഇടയാക്കും. അതിനാൽ പ്രമേഹ രോഗികൾ പല്ല് തേക്കാതിരിക്കാൻ പാടില്ല.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്.