കാസർകോട് : കരിന്തളം കോളജിലെ വ്യാജ രേഖ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യയെ മാത്രം പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത് ( Fake Certificate Case ). അധ്യാപക നിയമനത്തിനായി വ്യാജ രേഖ നിർമിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രം.
എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം ഗവ. കേളേജില്‍ വിദ്യ ഒരു വര്‍ഷം ജോലി ചെയ്‌തിരുന്നു. ഈ കേസിലാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വ്യാജരേഖ നിർമിക്കാൻ വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലി തട്ടിയ കേസിൽ കഴിഞ്ഞ വർഷം ജൂൺ 27 നായിരുന്നു വിദ്യ അറസ്‌റ്റിലായത്. 2018 ജൂൺ നാല് മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസ് കോളജിൽ മലയാളം വിഭാഗത്തിൽ ഗസ്‌റ്റ് അധ്യാപികയായിരുന്നു എന്ന് തെളിയിക്കുന്ന രണ്ട് സർട്ടിഫിക്കറ്റുകളാണ് വിദ്യ ഹാജരാക്കിയത്.
സർട്ടിഫിക്കറ്റിലെ സീലിലും ലോഗോയിലും സംശയം തോന്നിയ ഇന്‍റർവ്യൂ പാനൽ കോളജുമായി ബന്ധപ്പെട്ടതോടെ കഴിഞ്ഞ 10 വർഷമായി മഹാരാജാസ് കോളേജിൽ ഗസ്‌റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ലെന്ന് വ്യക്തമായി. മഹാരാജാസ് കോളജ് പ്രിൻസിപ്പലാണ് വിദ്യയ്‌ക്കെതിരെ ആദ്യമായി പരാതി നൽകുന്നത്. പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസെടുത്ത കേസ് പിന്നീട് അഗളി പൊലീസിന് കൈമാറുകയായിരുന്നു.