പത്തനംതിട്ട: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്കു നേരെ ബോംബ് ഭീഷണി മുഴക്കിയത് പത്തനംതിട്ട സ്വദേശി ഹരിലാൽ എന്ന് സൂചന. സൈബര്‍സെല്‍ നടത്തിയ പരിശോധനയിലാണ് റാന്നി സ്വദേശിയായ ഹരിലാലിന്‍റെ ഫോണില്‍ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാൾ ഭീഷണി മുഴക്കിയതെന്നും പൊലീസ് കണ്ടെത്തി. ഹരിലാലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചിൽ നടത്തുകയാണ്.
ഇന്നലെ വൈകീട്ടാണ് എറണാകുളം പൊലീസ് കൺട്രോൾ റൂമിലേക്ക് ഹരിലാലിന്‍റെ നമ്പറിൽ നിന്ന് ഭീഷണി ഫോൺ കോൾ എത്തുന്നത്. കേരളത്തിൽ ഓടുന്ന ചില ട്രെയിനുകളിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. പൊലീസ് ആസ്ഥാനത്തേക്കും ഭീഷണി സന്ദേശം ലഭിച്ചു.
ഇതോടെ എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. പൊലീസും ആർപിഎഫും ചേർന്ന് ട്രെയിനുകളിലും റെയിൽവേ സ്‌റ്റേഷനിലും പരിശോധന ആരംഭിച്ചു. ട്രെയിനുകൾ നിർത്തിയ ശേഷമാണ് പലയിടത്തും പരിശോധന നടന്നത്. എന്നാല്‍ പരിശോധനയില്‍ സംശയാസ്‌പദമായി യാതൊന്നും കണ്ടെത്താനായില്ല.
തുടർന്ന് സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് കോൾ വന്ന നമ്പറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞത്. ഹരിലാൽ നേരത്തെ ചില കേസുകളില്‍ പ്രതിയായിരുന്നെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. റാന്നി സ്വദേശിയാണെങ്കിലും പത്തനംതിട്ടയിൽ കോഴഞ്ചേരിക്ക് സമീപത്താണ് ഇയാള്‍ താമസിക്കുന്നത്.
ബോംബ് ഭീഷണി മുഴക്കിയതിന് ഹരിലാലിനെതിരെ പൊലീസും റെയില്‍വേ പൊലീസും കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.
Also Read: റെയില്‍വേയുടെ 'സൂപ്പർ ആപ്പ്' വരുന്നു; ഇനി ടിക്കറ്റ് ബുക്കിങ് അടക്കം എല്ലാ സേവനങ്ങളും ഒരുകുടക്കീഴില്‍