ബെംഗളൂരു: എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണം. ഈ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എക്‌സാലോജിക്ക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നാളെ ഉച്ചകഴിഞ്ഞ 2.30 ഓടെ കോടതി വിധിപറയുമെന്നാണ് സൂചന. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല വിധി പറയുക(Exalogic Case Karnataka High Court Verdict Tomorrow).
കമ്പനിയുടെ പ്രമോട്ടര്‍മാരില്‍ പ്രധാനി മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണ്. വീണാ വിജയനുനേരെയാണ് സംസ്ഥാന പ്രതിപക്ഷം ആരോപണം തൊടുക്കുന്നത്. അതുകൊണ്ട് തന്നെ നാളത്തെ കോടതി വിധി അനുകൂലമല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വീണ മറുപടി പറയേണ്ടി വരും. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍റയെും പാര്‍ട്ടിയുടെയും പ്രതിച്‌ഛായക്കും മങ്ങലേല്‍പ്പിക്കുന്നതാകും വീണയ്ക്ക് നേരെയുളള അന്വേഷണം.
കമ്പനി നിയമത്തില്‍ ചട്ടം 210 അനുസരിച്ച് രജിസ്‌ട്രാര്‍ ഓഫ് കമ്പനീസ് വിഷയം അന്വേഷിക്കുന്നുണ്ട്. അതേ നിയമത്തിലെ ചട്ടം 212 അനുസരിച്ചാണ് എസ്എഫ്ഐഒ അന്വേഷിക്കുന്നത്. രണ്ടാമത്തെ അന്വേഷണം പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് എക്‌സാലോജിക്കിന്‍റെ വാദം.