എറണാകുളം: തൃപ്പൂണിത്തുറ ചൂരക്കാട് പുതിയകാവ് ക്ഷേത്രോത്സവത്തിനിടെ സ്ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ച സംഭവത്തിൽ നാലു പേർ റിമാന്‍റിൽ. തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്‌ത പുതിയകാവ് ദേവസ്വം ഭാരവാഹികളായ സതീഷ് കുമാർ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരെയാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തത്.
പുതിയകാവ് സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ, കരാറുകാരൻ ആദർശ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആദർശ് ഒഴികെയുള്ള പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മനപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കൂടുതൽ പേർ ഈ സംഭവത്തിൽ പ്രതികളാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം (Thrippunithura Blast).
അതേ സമയം വെടിക്കെട്ടിന് കൂടുതൽ ശബ്‌ദവും വെളിച്ചവും കിട്ടാൻ നിരോധിത രാസ സംയുക്തമായ പൊട്ടാസ്യം ക്ലോറേറ്റ് പടക്ക നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇത്തരമൊരു സംശയത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളാണ് ചൂരക്കാട് സ്ഫോടനവുമായി ബന്ധപ്പെട്ട് ചൂണ്ടികാണിക്കപ്പെടുന്നത്. പൊട്ടാസ്യം ക്ലോറേറ്റ് ചെറിയൊരു ഉരസൽ ഉണ്ടായാൽ തന്നെ തീപിടിക്കാൻ സാധ്യതയുള്ള രാസവസ്‌തുവാണ്. പടക്കങ്ങൾ ഇറക്കുന്നതിനിടെയുണ്ടായ തീപ്പിടിത്തവും ഇതേ തുടർന്നുണ്ടായ ഉഗ്രസ്ഫോടനവും നിരോധിത രാസവസ്‌തു കാരണമാണോയെന്ന സംശയത്തിന് പ്രസക്തിയുണ്ട്.
പടക്കം സൂക്ഷിക്കുന്ന സ്ഥലത്തിൻ്റെ 45 മീറ്റർ ചുറ്റളവിൽ മറ്റൊരു കെട്ടിടവും ഉണ്ടാവാൻ പാടില്ലായെന്നതാണ് നിയമം. എന്നാൽ ഇന്നലെ സ്ഫോടനം നടന്ന ചൂരക്കാട് പടക്കം സൂക്ഷിക്കാനെത്തിച്ച കെട്ടിടവും വീടുകളും തമ്മിലുള്ള അകലം പത്ത് മീറ്ററിൽ താഴെയാണ്. സ്ഫോടനത്തെ സമീപത്തെ വീടുകൾക്ക് വലിയ തോതിൽ നാശനഷ്‌ടം സംഭവിച്ചത് ഇയൊരു കാരണത്തിലാണ്.
പടക്ക നിർമ്മാണത്തിന് നിരോധിത രാസവസ്‌തുക്കൾ ഉപയോഗിച്ചെന്ന് ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. അനുമതിയില്ലാത്തെ സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്‌തതിന് ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയാണ് കേസ് എടുത്തത്.
അതേ സമയം കേന്ദ്രസർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് എക്‌സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അനുമതിയില്ലാതെയാണ് സംസ്ഥാനത്തെ മിക്ക പടക്ക നിർമ്മാണ ശാലകളും പ്രവർത്തിക്കുന്നത്. സുരക്ഷിതമായ അകലം പാലിക്കാത്തതിനാലാണ് സംസ്ഥാനത്തെ പടക്ക നിർമ്മാണ ശാലകളുടെ അപേക്ഷകൾ പെസോ നിരസിച്ചത്. വീണ്ടുമൊരു അപകടം സംഭവിച്ച സാഹചര്യത്തിൽ നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം (Thrippunithura Blast).
ഇന്നലെ രാവിലെ പത്തര മണിയോടെയാണ് ഉത്സവത്തിനായി എത്തിച്ച പടക്കങ്ങൾ താൽകാലിക സംഭരണകേന്ദ്രത്തിൽ ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. അപകടത്തിൽ രണ്ടാൾ മരിക്കുകയും പതിനാറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.ക്ഷേത്രോത്സവത്തിന് എത്തിച്ച പടക്കങ്ങൾ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ വാഹനമുൾപ്പെടെ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ടെമ്പോ ട്രവലർ വാഹനം പൂർണ്ണമായി കത്തിയമർന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറും പൂർണ്ണമായും അഗ്നിക്കിരയായി. സമീപത്തെ ഒരു ഡസൻ വീടുകൾ ഭാഗികമായി തകരുകയും അമ്പതിലധികം വീടുകൾക്ക് നാശ നഷ്‌ടം സംഭവിക്കുകയും ചെയ്‌തിരുന്നു.