തിരുവനന്തപുരം : താൻ ബിജെപിയിൽ ചേരാൻ പോവുകയാണെന്ന പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നൽകിയ പരാതിയിൽ നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാരോപിച്ച് ഇ പി ജയരാജൻ ഡിജിപിക്കാണ് പരാതി നൽകിയത്. ഇത് കഴക്കൂട്ടം എസിപിക്ക് കൈമാറുകയും ചെയ്‌തിരുന്നു.
രാഷ്ട്രീയ ഗൂഢാലോചനയിൽ അന്വേഷണം നടത്താൻ കഴിയില്ല. കോടതി നിർദേശമുണ്ടെങ്കിൽ അന്വേഷണത്തിന് തടസമില്ല എന്നുമാണ് പൊലീസ് പറയുന്നത്. കേരളത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ജയരാജൻ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയതായി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റും ആലപ്പുഴയിലെ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ ആരോപിച്ചത്.
ബിജെപിയിൽ ചേരാൻ ജയരാജൻ ഗൾഫിൽ വച്ചാണ് ചർച്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും ആരോപണം ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.