തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കി. എകെജി സെന്‍ററില്‍ മൂന്ന് ദിവസമായി നടക്കുന്ന നേതൃയോഗങ്ങള്‍ക്കിടെ പ്രകാശ് ജാവദേക്കര്‍ - ഇപി ജയരാജന്‍ കൂടിക്കാഴ്‌ചയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി എന്‍ വാസവന്‍ തുടങ്ങിയവര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതായും ഇതിന് പിന്നാലെ ഇപി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചതായുമാണ് സൂചന. ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
ഇപിയെ നീക്കി പകരം കണ്‍വീനര്‍ സ്ഥാനത്തേക്ക് ടിപി രാമകൃഷ്‌ണനെയാകും പരിഗണിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ തൊട്ടു തലേദിവസം പുറത്തു വന്ന ഇ പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്‌ചയുടെ വാര്‍ത്തകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. തെരഞ്ഞെടുപ്പിലെ തോല്‍വിയിലെ തിരുത്തല്‍ നടപടികളും നടന്‍ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും സജീവ ചര്‍ച്ച വിഷയമായ നേതൃയോഗത്തില്‍ ഇപി ജയരാജനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നതായാണ് വിവരം.
ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഇ പി ജയരാജന്‍ കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങിയിരുന്നു. വാര്‍ത്തയുടെ സ്ഥിരീകരണത്തിനായി കണ്ണൂരില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടും ഇപി ജയരാജന്‍ പ്രതികരിച്ചില്ല. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന സംസ്ഥാന സമിതി പൂര്‍ത്തിയായ ശേഷം പതിവ് രീതിയില്‍ സംസ്ഥാന സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനം കാര്യങ്ങള്‍ വിശദീകരിച്ചേക്കും.
അതേസമയം ഇ പി ജയരാജന്‍റെ രാജിക്കാര്യത്തില്‍ നേതാക്കളാരും തന്നെ ഔദ്യോഗിക പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. കെ കെ ജയചന്ദ്രനെയും എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്.