കോഴിക്കോട് : വിവാദമായ കണ്ണൂരിലെ വൈദേകം റിസോർട്ടിലിട്ട് ഇപി ജയരാജനെ 'പൂട്ടാൻ' നോക്കിയെങ്കിലും പറ്റിയില്ല. ഇനി ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ചയുടെ പേരിൽ പൂട്ടുമോ?. തെരഞ്ഞെടുപ്പ് ദിവസം രാവിലെ പൊട്ടിയ 'ബോംബി'ന്‍റെ പരിണിതഫലം എന്തായിരിക്കും. സിപിഎം കേന്ദ്രങ്ങളും ജനാധിപത്യ വിശ്വാസികളും ഉറ്റുനോക്കുന്നത് പാർട്ടി തീരുമാനത്തിലേക്കാണ്.
പിണറായിയോളം തലപ്പൊക്കമുള്ള ഒരു നേതാവുമായി പ്രകാശ് ജാവദേക്കർ കുടിക്കാഴ്‌ച നടത്തി എന്ന് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയപ്പോൾ അത് ഇപിയാണെന്ന് ഉറപ്പായിരുന്നു. പിണറായിയോളം തലപ്പൊക്കം എന്നല്ല, പിണറായി വിജയന്‍റെ വാക്കിന് മറുവാക്ക് പറയാൻ തന്‍റേടമുള്ള ഒരേ ഒരു നേതാവ്, അത് ഇ പി ജയരാജനാണ്.
ആര് എന്ത് ചോദിച്ചാലും തന്നാലാവുന്നതും അതിനപ്പുറവും ചെയ്യുന്നതാണ് ഇപിയുടെ രീതി. എന്നാൽ, തന്നെ തേടി വരേണ്ട പദവികൾ തട്ടിതെറിപ്പിക്കപ്പെട്ടപ്പോൾ ഇപി നിരാശനായി. തലസ്ഥാനത്തേക്ക് പോലും പോവാതെയായി. പ്രവർത്തനങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറി നിന്നു.
അങ്ങനെ പാകമായി നിൽക്കുന്ന ഒരു 'ഫല'ത്തെ ബിജെപി പറിച്ചെടുക്കാൻ ശ്രമിച്ചതാവാം. ഇതൊക്കെ രഹസ്യമായാണ് നടന്നതെന്ന് ഇപി കരുതിയെങ്കിൽ തെറ്റി. ഓരോ നീക്കങ്ങളും സിപിഎം തലപ്പത്തുള്ളവരെ അറിയിക്കാൻ ബിജെപിയിൽ തന്നെ കരുത്തരുണ്ടെന്നത് ഇപി മറന്നതാണോ? തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ വിഷയം പുകയാൻ കാരണമെന്ത്? ദല്ലാൾ നന്ദകുമാർ ഇതിന് തുടക്കമിട്ടത് ആർക്ക് വേണ്ടിയാണ്? ഉയരുന്ന ചോദ്യങ്ങൾ ഒരുപാടാണ്.
ഈ വിഷയം സിപിഎം ചർച്ച ചെയ്‌താൽ ഇപിയെ പരസ്യമായി ശാസിക്കുമായിരിക്കും. അതല്ല, കേന്ദ്ര കമ്മറ്റിയിൽ നിന്ന് തരംതാഴ്ത്തി നടപടിക്ക് കാഠിന്യം കൂട്ടുമോ?. പകരം സിസിയിലേക്ക് വേണ്ടപ്പെട്ടയാൾ പോയാൽ എന്താകും അവസ്ഥ?
ഒരു അഗ്നിപർവതമായി തുടരുന്ന ഇപി 'പൊട്ടിത്തെറിക്കും'. അത് പാർട്ടിക്കും ഭരണത്തിനും കൂട്ടിയോജിപ്പിക്കാനാവാത്ത വിള്ളൽ വരുത്തും. സിപിഎമ്മിന്‍റെ സംഘടന സംവിധാനത്തെ അത് ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ മയപ്പെടുത്തിയായിരിക്കും തീരുമാനം, എന്ന് പ്രതീക്ഷിക്കാം. രാഷ്ട്രീയ വിഷയങ്ങളല്ല ഇപിയും ജാവദേക്കറും ചർച്ച ചെയ്‌തതെന്ന മയപ്പെടുത്തലും ജാഗ്രതക്കുറവെന്ന മേമ്പൊടിയും ആകുമ്പോൾ എല്ലാം ശുഭമാകും. എന്നാൽ മൂന്നാം തവണയും മോദി സർക്കാർ കേന്ദ്രം ഭരിച്ചാൽ കാര്യങ്ങൾ എല്ലാം ഇവിടെ തകിടം മറിയും.