ആലപ്പുഴ: മുഖ്യമന്ത്രിക്ക് വേണ്ടി ഡീൽ ഉറപ്പിക്കാനാണ് ഇപി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയതെന്ന കെസി വേണുഗോപാലിന്‍റെ പരാമർശത്തിൽ മറുപടിയുമായി ശോഭ സുരേന്ദ്രൻ. ആരോപണം തെളിയിക്കേണ്ടത് കെസി വേണുഗോപാൽ ആണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് കെസി വേണുഗോപാൽ.
സ്വന്തം മുഖം നല്ലതല്ലാത്തതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ല. കോൺഗ്രസിൽ ഇപ്പോൾ ഉള്ള നേതാക്കളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് കെസി വേണുഗോപാൽ ചിന്തിക്കേണ്ടത്. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വന്നത് രാഹുൽ ഗാന്ധിക്ക് വേണ്ടി ഡീൽ ഉറപ്പിക്കാനാണോ?.
ദേശീയ തലത്തില്‍ പ്രഗൽഭരായ കോൺഗ്രസ് നേതാക്കളുടെ പത്തിൽ ഒരു ശതമാനം പോലും കഴിവുണ്ടായിട്ടല്ല കെസി വേണുഗോപാൽ ആ സ്ഥാനത്ത് ഇരിക്കുന്നത്. ഇപി ജയരാജൻ വിഷയത്തിലുള്ള തൻ്റെ വെളിപ്പെടുത്തലിൽ പാർട്ടിക്ക് അതൃപ്‌തി ഉള്ളതായി അറിയില്ല.
പ്രകാശ് ജാവദേക്കറിന് അതൃപ്‌തി ഉള്ളതായും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. താൻ പറഞ്ഞ കാര്യം തെറ്റായി മാറിയാലേ അത്തരം സാഹചര്യമുള്ളൂ. ഈ നിമിഷം വരെ അങ്ങനെ അനുഭവമില്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.