കോട്ടയം : ആഗോള വിപണി വില റബര്‍ കര്‍ഷകര്‍ക്ക് ഉറപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. ആഗോള വിപണിയില്‍ 216 രൂപയാണ് സ്വാഭാവിക റബറിന്‍റെ വില. ആഭ്യന്തരവിപണിയില്‍ സ്വാഭാവിക റബറിന് 168 രൂപ മാത്രമാണ് ലഭിക്കുന്നത്. വിലയിലെ ഈ വ്യത്യാസം റബര്‍ കര്‍ഷകരോട് കാണിക്കുന്ന കടുത്ത അനീതിയാണ്.
റബര്‍ വില പൂര്‍ണമായും നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ആഗോളവിപണിയില്‍ ലഭിക്കുന്ന ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് ലഭിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വമായി രാജ്യത്ത് ഇടിച്ചുതാഴ്ത്തുകയാണ്. അനിയന്ത്രിതമായി റബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നതുമൂലമാണ് രാജ്യത്ത് സ്വാഭാവിക റബറിന്‍റെ വിലയിടിയുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന അന്താരാഷ്ട്ര കരാറുകളെയും, കയറ്റുമതി ഇറക്കുമതി നയങ്ങളെയും, വ്യാപാരനയങ്ങളെയും മാത്രം ആശ്രയിച്ചാണ് ഇന്ത്യയില്‍ റബറിന്‍റെ വില തീരുമാനിക്കപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ സ്വാഭാവിക റബറിനുള്ള വിലയെങ്കിലും കര്‍ഷകന് ഉറപ്പാക്കാനുള്ള ധാര്‍മ്മികമായ ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. ഇക്കാര്യം നിരന്തരം കേരള കോണ്‍ഗ്രസ് (എം) കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
ന്യായമായ ഈ ആവശ്യം നടപ്പായില്ലെങ്കില്‍ റബര്‍ കര്‍ഷകര്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കുകയും റബറധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമെന്ന് ജോസ് കെ മാണി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.