എറണാകുളം: പെരുമ്പാവൂർ കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറയിൽ, മുണ്ടൻതുരുത്ത് പാടത്ത് കിടക്കുന്ന കൊമ്പനാനയെ കണ്ടാൽ ആരും നോക്കിനിന്നുപോകും. ഒറ്റനോട്ടത്തിൽ പാടശേഖരത്തില്‍ ഒരു ആന വിശ്രമിക്കുകയാണെന്നേ തോന്നുകയുള്ളൂ. നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രകൃതി ദത്തമായ കരിമ്പാറയാണ് ജീവൻ തുടിക്കുന്ന ആനശിൽപമായി മാറിയത്.
വേങ്ങൂർ കൈപ്പിള്ളി സ്വദേശിയായ ചിത്രകാരൻ ജയൻ്റെ മാന്ത്രിക സ്‌പർശമാണ് പാറയെ ആനയാക്കി മാറ്റിയത്. രണ്ട് പതിറ്റാണ്ടിലേറയായി ചിത്രകലാരംഗത്തുള്ള ജയനോട് സുഹൃത്ത് ഇമ്മാനുവലാണ് ഇത്തരമൊരു ആശയം പങ്കുവച്ചത്. തുടർന്ന് പാടത്തെത്തി പാറയെ നിരീക്ഷിച്ചപ്പോൾ അതിനെ കിടക്കുന്ന ഗജവീരനാക്കി മാറ്റാമെന്ന ഭാവനയാണ് അദ്ദേഹത്തിന്‍റെ മനസിലുദിച്ചത്.
പിന്നെയൊട്ടും താമസിച്ചില്ല, അക്രിലിക്ക് പെയിൻ്റ് ഉപയോഗിച്ച് പാറയിൽ ആനയുടെ കണ്ണ്, ചെവി, കൊമ്പ്, തുമ്പിക്കൈ, കാല് എന്നിവ വരച്ചുചേർക്കുകയായിരുന്നു. കാലുകൾ മടക്കി, കൊമ്പുകൾക്കിടയിൽ തുമ്പിക്കൈ തിരുകി കിടക്കുന്ന നിലയിലാണ് ആനശിൽപം ഒരുക്കിയത്. കേവലം ഒന്നര മണിക്കൂർ കൊണ്ടാണ് കരിമ്പാറയെ കരിവീരനാക്കിയത്.
ആരാധനാലയങ്ങളിൽ ചുവർ ചിത്രങ്ങളും പള്ളികളിൽ അൾത്താരകളും നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ആർട്ടിസ്‌റ്റ് ജയൻ്റെ കലാജീവിതം മുന്നോട്ടുപോയത്. ഇതിനിടയിൽ ആകസ്‌മികമായി സൃഷ്‌ടിച്ച ആനശിൽപം കലാജീവിതത്തിൽ തന്നെ ശ്രദ്ധേയമായ ഒരു സൃഷ്‌ടിയായി മാറുകയായിരുന്നു.
ആനശിൽപത്തെ കുറിച്ച് അറിഞ്ഞ് നിരവധിയാളുകളാണ് മുണ്ടൻ തുരുത്ത് പാടത്ത് കിടക്കുന്ന കൊമ്പനാനയെ നേരിൽ കാണാനെത്തുന്നത്. ആനശിൽപത്തിൽ ചാരി നിന്നും, കയറി ഇരുന്നും സെൽഫിയെടുത്തും ഫോട്ടോകൾ പകർത്തിയുമാണ് സന്ദർശകർ മടങ്ങുന്നത്. ആന ശില്‍പത്തിന്‍റെ തൊട്ടു പിന്നിലുള്ള 50 ഏക്കറോളം വിസ്‌തൃതിയിലുള്ള പുലിയണിപ്പാറ എന്ന പാറക്കുന്നും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു.
പ്രകൃതി രമണീയമായ ആലാട്ടുചിറയിലേക്കും പരിസരപ്രദേശങ്ങളിലേക്കും സഞ്ചാരികളുടെ ശ്രദ്ധ പതിയാനും ആനശിൽപം കാരണമാകുമെന്നാണ് നാട്ടുകാരും ശിൽപിയും പ്രതീക്ഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലുൾപ്പടെ ആനശിൽപം വൈറലായിരിക്കുകയാണ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പാടത്തെ പാറയിലാണ് ആന ശിൽപം സൃഷ്‌ടിച്ചത്.