ഇടുക്കി: കേരളം ഉൾപ്പടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ എലിഫൻ്റ് എസ്‌റ്റിമേഷന് ഇന്ന് തുടക്കമായി. ആനകളുടെ ഏകദേശ കണക്കെടുപ്പാണ് എസ്‌റ്റിമേഷൻ നടപടികളിലൂടെ വനംവകുപ്പ് നടത്തുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ആനകളുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്.
വനമേഖലകളെ വിവിധ ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. കേരളത്തിലാകെ 610 ബ്ലോക്കുകളാണുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള പെരിയാർ ലാൻഡ് സ്‌കേപ്പിൽ 280 ബ്ലോക്കുകളുണ്ട്. പ്രത്യേക പരിശീലനം നേടിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് കാട്ടിനുള്ളിൽ പരിശോധന നടത്തുന്നത്.
ആദ്യ ദിവസം വനത്തിനുള്ളിൽ സഞ്ചരിച്ചു നേരിട്ട് കാണുന്ന അനകളുടെ എണ്ണം രേഖപ്പെടുത്തും. അടുത്ത ദിവസം ഒന്നര കിലോമീറ്ററിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസിറ്റുകൾ വഴിയുമാണ് കണക്കെടുപ്പ് നടത്തുന്നത്. അവസാന ദിവസം ജലസ്രോതസ്സുകൾ കേന്ദ്രീകരിച്ചും കണക്കെടുപ്പ് നടത്തും. മുൻ വർഷങ്ങളിലും കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് വിവിധ സംസ്ഥാനങ്ങൾ ഒന്നിച്ച് എസ്‌റ്റിമേഷൻ പരിപാടി നടത്തുന്നത്. ജൂലൈ മാസം അവസാനം കണക്കെടുപ്പിൻ്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
Also Read : നേര്യമംഗലം വനമേഖലയിലെ റോഡിൽ കാട്ടാനയിറങ്ങി ; ഗതാഗതം തടസപ്പെട്ടു