തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി ആന്‍റണി രാജു (Antony Raju against Transport minister K B Ganesh Kumar ). തിരുവനന്തപുരത്ത് ഇലക്ട്രിക് ബസ് യാത്രയാണ് ഏറ്റവും സൗകര്യമെന്ന് ആന്‍റണി രാജു പറഞ്ഞു. ഓട്ടോറിക്ഷയെക്കാളും കാറിനേക്കാളും പ്ലെയിനിനെക്കാളും വിമാനത്തെക്കാളും സുഖമായിട്ട് ഇലക്ട്രിക് ബസിൽ യാത്ര ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ് എം വി സ്‌കൂളിലെ പൂർവ്വ അധ്യാപകരുടെ സംഗമത്തിലാണ് ആന്‍റണി രാജുവിന്‍റെ പ്രതികരണം. നേരത്തെ ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്നും, ഇനി ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആന്‍റണി രാജുവിന്‍റെ പ്രതികരണം.
ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന ഗണേഷ് കുമാറിന്‍റെ വാദം(Transport minister K B Ganesh Kumar on electric bus) തള്ളിയും ആന്‍റണി രാജു രംഗത്ത് വന്നിരുന്നു. താൻ മന്ത്രിയായി തുടർന്നിരുന്നെങ്കിൽ ഇലക്ട്രിക് ബസുകളുടെ ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് അഞ്ചായി കുറയ്ക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ കാലം വരെ ലാഭത്തിലായിരുന്ന ഇലക്ട്രിക് ബസുകൾ പെട്ടെന്ന് എങ്ങനെ നഷ്‌ടത്തിലായെന്നും അദ്ദേഹം ചോദിച്ചിരുന്നു.
നിലവിൽ ഡീസൽ ബസുകളാണ് നഷ്‌ടത്തിൽ ഓടുന്നതെന്നും മുൻ മന്ത്രി വ്യക്തമാക്കി. ഇപ്പോൾ സർവീസ് നടത്തുന്ന 110-ഓളം ബസുകൾക്ക് പകരം ഡീസൽ ബസുകളാണ് ഓടിയിരുന്നതെങ്കിൽ കെ. എസ്. ആർ. ടി. സിയുടെ പ്രതിദിന നഷ്‌ടം വർധിക്കുമായിരുന്നുവെന്നും, 5 വർഷത്തെ പരിപാലന ചെലവ് സഹിതമാണ് ഇലക്ട്രിക് ബസുകൾ വാങ്ങിയതെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇലക്ട്രിക് ബസിൽ ആദ്യം കൂടിയ നിരക്ക് ഈടാക്കിയിരുന്നപ്പോൾ യാത്രക്കാരുടെ എണ്ണം 1500 -ഓളം മാത്രമായിരുന്നു. എന്നാൽ പിന്നീട് 10 രൂപയാക്കിയപ്പോൾ പ്രതിദിനം 75,000 യാത്രികരെ വരെ ലഭിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അഞ്ച് രൂപയാക്കാൻ ആലോചിച്ചതെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.