കോട്ടയം : സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് വയോധികന് ദാരുണാന്ത്യം. മണിയാപറമ്പ് കണിച്ചകരി പുന്നക്കുഴത്തിൽ പാപ്പൻ (80) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആർപ്പൂക്കര പിണഞ്ചിറക്കുഴിയിലായിരുന്നു അപകടം. ആർപ്പൂക്കര കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നാണ് വീണത്.
പെൻഷൻ വാങ്ങാൻ എത്തി തിരികെ മടങ്ങുന്നതിനായി ബസിൽ കയറിയെങ്കിലും ബസിന്‍റെ വാതിൽ തുറന്നു പാപ്പൻ റോഡിലേക്ക് തലയിടിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാപ്പൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ഭാര്യ: പരേതായ അമ്മിണി. മക്കൾ: രാജൻ (ഷാജൻ), ഓമന. മരുമക്കൾ: ജോസ് (തിരുവഞ്ചൂർ), രാധാമണി.