കോഴിക്കോട് : വാഴക്കാട് എടവണ്ണപ്പാറക്ക് സമീപം ചാലിയാറിൽ 17-കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസ്. സംഭവത്തിന് മുന്‍പായി പെണ്‍കുട്ടി സഹോദരിയ്‌ക്ക് ഇത് സംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. പെൺകുട്ടിയുടെ മരണത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും വാഴക്കാട് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഏറെ താഴ്‌ചയുള്ള കുഴികളുണ്ട്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച വസ്‌ത്രം കുട്ടി സ്വയം ഊരിമാറ്റിയതാകാം. വെള്ളത്തിൽ മുങ്ങാൻ പ്രയാസമായതിനാല്‍ ആയിരിക്കാം ഇത് ചെയ്‌തതെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.
വീട് വിട്ട് ഇറങ്ങിയ ശേഷമാണ് സഹോദരിയ്‌ക്ക് 17കാരി വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടന്ന ദിവസം രാത്രി 11 മണിയ്‌ക്ക് ശേഷം കുട്ടി ആരുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഫെബ്രുവരി 19ന് വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രി എട്ട് മണിയോടെ ചാലിയാറില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ, കരാട്ടെ അധ്യാപകനായ മുണ്ടുമുഴി സ്വദേശി സിദ്ദിഖ് അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കരാട്ടെ അധ്യാപകന്‍റെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മനോവിഷമത്തിലായിരുന്നുവെന്ന് പരാതിയുണ്ട്. അധ്യാപകനെതിരെ പരാതി നല്‍കാനിരിക്കെയായിരുന്നു കുട്ടിയുടെ മരണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുട്ടിയുടെ മരണം കൊലപാതകം ആണെന്നും കുടുംബവും നാട്ടുകാരും ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം, സംഭവത്തില്‍ ആരോപണ വിധേയനായ കരാട്ടെ അധ്യാപകൻ നിലവില്‍ റിമാന്‍ഡിലാണ്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. 17കാരിയുടെ മരണത്തിന് പിന്നാലെ സിദ്ദിഖ് അലിയ്‌ക്കെതിരെ കൂടുതല്‍ വിദ്യാര്‍ഥികളും പെണ്‍കുട്ടികളും വെളിപ്പെടുത്തലുമായി രംഗത്ത് വന്നിട്ടുണ്ട്.