കൊച്ചി: സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയ്ക്ക് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നോട്ടീസ്. തിങ്കളാഴ്‌ച 10.30ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേ സമയം സിഎംആര്‍എല്‍ ഫിനാന്‍സ് ഓഫീസര്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായില്ല. നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനും അവര്‍ ഡയറക്‌ടറായ എക്‌സാലോജിക് കമ്പനിക്കും സിഎംആര്‍എല്‍ ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപ ചെയ്യാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്‍കം ടാക്‌സ് സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്.
ഇന്‍കം ടാക്‌സ് സെറ്റില്‍മെന്‍റ് ബോര്‍ഡ് വിധിയില്‍ നിര്‍ദേശിച്ച പിഴയടച്ച് നേരത്തേ സിഎംആര്‍എല്‍ കേസില്‍ നിന്ന് ഒഴിവായിരുന്നു. ഇതേ കേസില്‍ കേന്ദ്ര ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫിസും അന്വേഷണം നടത്തുന്നുണ്ട്. സിഎംആര്‍എല്‍ കമ്പനി പ്രതിനിധി ഇഡിക്ക് മുന്നില്‍ നല്‍കുന്ന മൊഴി എക്‌സാലോജിക് കമ്പനിക്കും വീണ വിജയനും നിര്‍ണായകമായിരിക്കും. നേരത്തേ ഇന്‍കം ടാക്‌സ് സെറ്റില്‍മെന്‍റ് ബോര്‍ഡ് മുമ്പാകെ നല്‍കിയ മൊഴി ഇഡിയുടെ പക്കലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാകും പുതിയ ചോദ്യം ചെയ്യലും മൊഴിയെടുപ്പും.