എറണാകുളം: കണ്ണൂരിലെ വൈദേകം റിസോർട്ടിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. ഫെമ നിയമ പ്രകാരമാണ് ഇഡി കൊച്ചി യൂണിറ്റ് കേസെടുത്തത്. നിക്ഷേപകര്‍ ഫെമ നിയമങ്ങള്‍ ലംഘിച്ചെന്നുകാട്ടി എറണാകുളം സ്വദേശിയായ എംആർ അജയൻ നൽകിയ പരാതിയിലാണ് നടപടി. ഇഡി അസിസ്‌റ്റൻ്റ് ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പരാതിക്കാരനായ എം ആർ അജയനോട് വൈദേകത്തിനെതിരായ തെളിവുകൾ ഇ ഡി ഓഫീസിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട എം സി രമേശ്, മുഹമ്മദ് അഷറഫ്, കെ പി രമേശ് കുമാർ എന്നിവർക്കെതിരെയാണ് ഇഡി അന്വേഷണം നടത്തുന്നത്. മൂവരും ചേർന്ന് ഫെമ നിയമങ്ങൾ ലംഘിച്ച് വൈദേകം റിസോർട്ടിൽ നിക്ഷേപം നടത്തിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
നേരത്തെ ഈ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ഇഡി കേസെടുത്ത് അന്വേഷിക്കേണ്ട നിയമലംഘനങ്ങൾ ഇല്ലന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഇതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഇഡിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് വൈദേകത്തിനെതിരെ ഇഡി കേസെടുത്തത്.
എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുണ്ടന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു കണ്ണൂരിലെ വൈദേകം റിസോർട്ടിനെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വന്നത്. തിരവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വൈദേകത്തിൽ നിക്ഷേപമുണ്ടെന്നും, സിപിഎം - ബിജെപി ബിസിനസ് പങ്കാളിത്തമാണ് ഇതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെ ആരോപണമുന്നയിച്ചിരുന്നു.