എറണാകുളം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനി ഉൾപ്പെട്ട മാസപ്പടിക്കേസിൽ ഇഡി കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങി. കൊച്ചി എൻഫോഴ്സ്മെൻ്റ് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കോർപറേറ്റ് സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന എസ്എഫ്ഐഒ, അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയും കേസെടുത്തത്.
കൊച്ചി ഇഡി ഓഫിസിൽ ലഭിച്ച പരാതികളിൽ മാസപ്പടി ആരോപണത്തിൽ ഇഡി പ്രാഥമിക പരിശോധന നേരത്തേതന്നെ പൂർത്തിയാക്കിയിരുന്നു. ആദായനികുതി വകുപ്പ് ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് രേഖയിലുള്ള വ്യക്തികൾ, സ്ഥാപനം എന്നിവയ്‌ക്കെതിരെയാണ് ഇഡി അന്വേഷണം നടത്തുന്നത്.
മാസപ്പടിക്കേസിൽ ആരോപണ വിധേയരായ സിഎംആർഎൽ കമ്പനിയും, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് കമ്പനിയും തമ്മിൽ ബാങ്ക് വഴിയാണ് ഇടപാടുകൾ നടത്തിയത്. ഇത്തരത്തിൽ നടന്ന ഇടപാട് കള്ളപ്പണ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുന്നത് എങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്.
എന്നാൽ നൽകാത്ത സേവനത്തിന് സിഎംആർഎൽ കമ്പനി പണം നൽകിയതും, എക്‌സാലോജിക് കമ്പനി പണം സ്വീകരിച്ചതും പിഎംഎൽഎ കേസിൻ്റെ പരിധിയിൽ വരുമെന്ന വ്യാഖ്യാനം നൽകിയാണ് ഇഡി കേസ് രജിസ്റ്റർ ചെയ്‌തെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ആരോപണ വിധേയയായ സംഭവത്തിൽ ഇ ഡി കേസെടുത്തതിന് രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.
പ്രതിപക്ഷ നേതാക്കൾക്കെതിരെ രാജ്യവ്യാപകമായി ഇഡി അന്വേഷണവും അറസ്റ്റും നടക്കുന്ന സാഹചര്യത്തിൽ കേരള മുഖ്യമന്ത്രിയുടെ മകൾ അന്വേഷണ പരിധിയിലേക്ക് വരുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമാകും. മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം സിപിഎം ബിജെപി രഹസ്യധാരണയിൽ ഒതുക്കി തീർത്തുവെന്ന പ്രതിപക്ഷത്തിൻ്റ ആരോപണം നില നിൽക്കെയാണ് ഇഡി കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്.