എറണാകുളം: മുന്‍ എക്‌സൈസ് മന്ത്രിയും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ.ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഇഡിയുടെ നടപടി. കെ.ബാബു എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ഇഡിയുടെ കണ്ടെത്തലിന് പിന്നാലെയാണ് നടപടി.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും ഇഡി വ്യക്തമാക്കി. കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം തുടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് കെ.ബാബുവിനെ നേരത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇഡി ശരിവയ്‌ക്കുകയായിരുന്നു. തുടര്‍ന്നാണ് നടപടി.
സ്വത്ത് സമ്പാദനവും ഇഡി അന്വേഷണവും: 2007 ജൂലൈ 1നും 2016 മെയ് 31നും ഇടയില്‍ കെ.ബാബു വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇക്കാലയളവില്‍ 25.82 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(1)(e) പ്രകാരം കെ.ബാബു കുറ്റം ചെയ്‌തതായാണ് ഇഡിയുടെ ആരോപണം.1988 ലെ സെക്ഷൻ 13(2) പ്രകാരവും കെ.ബാബു കുറ്റക്കാരനാണെന്ന് ഇഡി വ്യക്തമാക്കി.
2 വര്‍ഷം മുമ്പ് കെ.ബാബുവിനെ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്‌തിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത. നിലവില്‍ തൃപ്പൂണിത്തുറ എംഎല്‍എയായ കെ ബാബു 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ യുഡിഎഫ് സര്‍ക്കാരില്‍ എക്സൈസ് തുറമുഖ വകുപ്പ് മന്ത്രിയായിരുന്നു.