ന്യൂഡൽഹി : മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു സംഭാവനകൾ സ്വീകരിക്കാൻ എൻസിപി ശരദ് പവാറർ വിഭാഗത്തന് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകി. പൊതുജനങ്ങളിൽ നിന്ന് സ്വമേധയ സംഭാവനകൾ സ്വീകരിക്കണമെന്ന് 'നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി- ശരദ് പവാർ ' (എൻസിപി-എസ്‌പി) ഉന്നയിച്ച ആവശ്യം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുകയായിരുന്നു. പൊതുജനങ്ങളിൽ നിന്ന് സ്വമേധയാ സംഭാവനകൾ സ്വീകരിക്കുന്നതിന് പാർട്ടിയുടെ പദവി രേഖപ്പെടുത്തുന്ന കമ്മ്യൂണിക്കേഷൻ/സർട്ടിഫിക്കറ്റ് കമ്മിഷൻ നൽകണമെന്ന് പാർട്ടി അഭ്യർഥിച്ചിരുന്നു.
ജനപ്രാതിനിധ്യത്തിലെ സെക്ഷൻ 29 ബി, സെക്ഷൻ 29 സി എന്നിവയ്ക്ക് അനുസൃതമായി 'ഒരു സർക്കാർ കമ്പനി ഒഴികെയുള്ള ഏതെങ്കിലും വ്യക്തിയോ കമ്പനിയോ സ്വമേധയ വാഗ്‌ദാനം ചെയ്യുന്ന സംഭാവനകൾ സ്വീകരിക്കാൻ' 2024 ജൂലൈ 8-ന് ഇസിഐ പാർട്ടിക്ക് അധികാരം നൽകി. കഴിഞ്ഞ വർഷം ജൂലൈയിൽ പാർട്ടി പിളർന്നതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ശരദ് പവാർ വിഭാഗത്തിന് 'തുട്ടാരി' (കാഹളം മുഴക്കുന്ന മനുഷ്യൻ) ചിഹ്നം അനുവദിച്ചു.
സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുമെന്ന് അവകാശപ്പെട്ട് ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറാവണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്‌പി) തലവൻ ശരദ് പവാർ പാർട്ടി പ്രവർത്തകരോട് പറഞ്ഞിരുന്നു. പൂനെയിലെ ഓഫിസിൽ 25-ാം സ്ഥാപക ദിനം ആഘോഷിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വർഷത്തിനിടയിൽ, ഞങ്ങൾ പ്രത്യയശാസ്‌ത്രങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു, അത് ഇനിയും മുന്നോട്ട് പോകും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ, തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്തിന്‍റെ അധികാരം നിങ്ങളുടെ കൈകളിൽ എത്തുംവിധം പ്രവർത്തിക്കുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കേണ്ടത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 'മഹാ വികാസ് അഘാഡി' (എംവിഎ) സഖ്യത്തിന്‍റെ ഭാഗമായിട്ടായിരുന്നു എൻസിപി (ശരദ് പവാർ വിഭാഗം) മത്സരിച്ചത്.
സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളിൽ 30ലും സഖ്യം വിജയിച്ചു- എൻസിപി (എസ്‌പി) 8 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 13 സീറ്റുകളും ശിവസേന (യുബിടി) മഹാരാഷ്‌ട്രയിൽ ഒമ്പത് സീറ്റുകളും നേടി. സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളിൽ 17 എണ്ണത്തിൽ മാത്രം വിജയിച്ച മഹായുതി സഖ്യത്തിന് തിരിച്ചടി നേരിട്ടു. ബിജെപി 9 സീറ്റുകളും ശിവസേന (ഷിൻഡെ വിഭാഗം) എട്ട് സീറ്റുകളും നേടി എൻസിപി 'മഹായുതി' സഖ്യത്തിൽ സഖ്യകക്ഷികളാണ്.