കാസർകോട് : രാജ്മോഹൻ ഉണ്ണിത്താനെതിരായ കോൺഗ്രസ് നേതാവ് ബാലകൃഷണൻ പെരിയയുടെ ആരോപണങ്ങൾക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ. ഹൈമാസ്‌റ്റ് ലൈറ്റുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കാസർകോട് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. വിജിലൻസിന് പരാതി നൽകിയതിന് പിന്നാലെയാണ് മാർച്ച് നടത്തിയത്.
ഒരു ലൈറ്റിന് ഒരു ലക്ഷം എന്ന നിലയിൽ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവിന്‍റെ ആരോപണം. ഇതിന് പിന്നാലെയാണ് വിഷയം ഏറ്റെടുക്കാൻ സിപിഎം തീരുമാനിച്ചത്. പെരിയ കൊലക്കേസ് പ്രതിയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ട കോൺഗ്രസ് നേതാക്കളായ ബാലകൃഷ്‌ണൻ പെരിയയും മറ്റു നേതാക്കളും മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഹൈമാസ്‌റ്റ് ലൈറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയർത്തിയത്.
തുടർന്നു ഡിവൈഎഫ്ഐ ജില്ല കമ്മറ്റി വിജിലൻസിന് പരാതി നൽകുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് പരസ്യ പ്രതിഷധവുമായി രംഗത്തെത്തിയത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ കാഞ്ഞങ്ങാട്ടെ വസതിയിലേക്ക് നടത്തിയ മാർച്ച് രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്‌തു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. കൂടാതെ കോൺഗ്രസ് പുറത്താക്കിയ നേതാക്കളെ ഇടതു പാളയത്തിൽ എത്തിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ടെന്നു സൂചനയുണ്ട്.