കണ്ണൂർ : ആര്‍എല്‍വി രാമകൃഷ്‌ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ. രാമകൃഷ്‌ണന് നേരെ വംശീയതയും ജാതീയതയും തുളുമ്പുന്ന പ്രസ്‌താവനയാണ് സത്യഭാമ നടത്തിയതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. രാമകൃഷ്‌ണനെ പോലുള്ള ഒരു കലാകാരൻ കഷ്‌ടപ്പെട്ട ജീവിത സാഹചര്യത്തോട് പൊരുതിയാണ് ഇങ്ങനെയുള്ള വളർച്ച നേടിയത്.
കേരളം ഇത്തരം ജാതികോമരങ്ങളെ എത്രയോ വർഷം മുമ്പ് ചവിട്ടി പുറത്താക്കിയതാണ്. കേരളം തള്ളിക്കളഞ്ഞ ഇത്തരം ചിന്താഗതികൾ വീണ്ടും കേരളത്തിന്‍റെ മുഖ്യധാരയിലേക്ക് ആനയിക്കുന്ന രീതിയാണ് സത്യഭാമ പിന്തുടരുന്നത്. ഇത്തരം വിഷ ജീവികളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്.
സത്യഭാമയെ പോലുള്ള ആളുകളെ ബഹിഷ്‌കരിക്കേണ്ടതുണ്ട്. ആർഎൽവി രാമകൃഷ്‌ണന് സംസ്ഥാനത്ത് ഉടനീളം വേദിയൊരുക്കും. ഇന്ന് (മാര്‍ച്ച് 21) വൈകുന്നേരം ചാലക്കുടിയിൽ അദ്ദേഹത്തിന്‍റെ മോഹിനിയാട്ടം അരങ്ങേറുമെന്നും വികെ സനോജ് പറഞ്ഞു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യത്ത് ശക്തിപ്പെടുന്ന ഹിന്ദുത്വ ആശയങ്ങൾ ജാതീയ വംശീയമായ പ്രതിലോമ ശക്തികളെ മുന്നോട്ടു നയിക്കുന്നുണ്ടെന്നും സനോജ് ചൂണ്ടിക്കാട്ടി. കേരളത്തിലെ ബിജെപി സ്ഥാനാർഥികളിൽ ഒരാളായ സുരേഷ് ഗോപി ജനങ്ങളെ പ്രജ എന്നാണ് വിശേഷിപ്പിക്കുന്നത്. സമൂഹത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രസ്‌താവനങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണമെന്നും വികെ സനോജ് വ്യക്തമാക്കി.