കോഴിക്കോട് : പണം നൽകാത്തതിൻ്റെ പേരിൽ ലഹരിമാഫിയയുടെ മർദനമേറ്റ് നട്ടെല്ലിന് പരിക്കുമായി മധ്യവയസ്‌കനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെ മുക്കത്തിനടുത്ത് മണാശ്ശേരിയിൽ വച്ചാണ് മധ്യവയസ്‌കനെ ഗുണ്ട സംഘം മർദിച്ചത്.
കെഎംസിടി ആശുപത്രിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ചാത്തമംഗലം നെച്ചൂളി സ്വദേശി പനങ്ങാട് വീട്ടിൽ മുസ്‌തഫയ്‌ക്കാണ് മർദനമേറ്റത്. ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ മണാശ്ശേരിയിൽ വച്ച് അപരിചിതനായ ഒരാൾ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനെ തുടർന്ന് അയാൾ കൂട്ടാളികളെ വിളിച്ച് വരുത്തി മർദിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മുസ്‌തഫയുടെ വാരിയെല്ലിനും പൊട്ടലുണ്ട്.
പരിക്കേറ്റ മുസ്‌തഫയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് അക്രമികൾ സ്ഥിരമായി ഇത്തരത്തിൽ പണം ചോദിച്ചുള്ള അക്രമം നടത്താറുണ്ടെന്നു നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READ : താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം ; ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്