കോഴിക്കോട് : കുന്ദമംഗലത്ത് പൊയ്യയിൽ ചെറുപുഴയിൽ ബന്ധുക്കളായ മൂന്നുപേർ മുങ്ങി മരിച്ചു. ചെത്തുകടവ് കാത്തിരിപ്പറമ്പത്ത് മിനി (42), മകൾ ആതിര (24), ഇവരുടെ ബന്ധു അദ്വൈത് (13) എന്നിവരാണ് മരിച്ചത്.
പിലാശ്ശേരി സ്വദേശിനി സനൂജ (36) മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. മരിച്ച മിനിയും മകളായ ആതിരയും ഇവരുടെ ബന്ധുക്കളായ സനൂജയുടെയും അദ്വൈതിന്റെയും വീട്ടിൽ വിരുന്നെത്തിയതായിരുന്നു.
നാലുപേരും ഒരുമിച്ച് ചെറുപുഴയിലെ പുളിയ മണ്ണിൽ കടവിൽ കുളിക്കാൻ പോയി.
കുളിക്കുന്നതിനിടയിൽ അദ്വൈത് പുഴയിലെ കയത്തിൽ മുങ്ങി താഴ്ന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റ് മൂന്നുപേരും വെള്ളത്തിൽ മുങ്ങിയത്. കടവിൽ നിൽക്കുകയായിരുന്ന സ്ത്രീയാണ് നിലവിളി കേട്ട് ആദ്യം സംഭവം അറിയുന്നത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടിയെത്തി ആദ്യം രക്ഷാപ്രവർത്തനം നടത്തി.
കൂടാതെ വെള്ളിമാടുകുന്ന് നിന്ന് എത്തിയ ഫയർ യൂണിറ്റ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ആദ്യം രണ്ടുപേരെ നാട്ടുകാർ രക്ഷിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മറ്റു രണ്ടുപേരെ ഫയർ യൂണിറ്റ് അംഗങ്ങളും പുഴയിൽ നിന്നും കരക്കെത്തിച്ചു. നാലുപേരെയും മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മൂന്നുപേരുടെ മരണം സംഭവിച്ചിരുന്നു. പിലാശ്ശേരി പൊയ്യയിൽ സ്വദേശിനിയായ സനൂജ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രക്ഷപ്പെട്ട സനൂജയുടെ മകനാണ് മരിച്ച അദ്വൈത്.