തൃശൂർ: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌കാരങ്ങളില്‍ തൃശൂരില്‍ ഗതാഗത മന്ത്രിക്കെതിരെ 'ചെണ്ടകൊട്ടി' പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍. ഡ്രൈവിങ് സ്‌കൂള്‍ മേഖലയെ പ്രതിസന്ധിയില്‍ നിന്നും പിടിച്ചുയര്‍ത്താൻ ശ്രമിക്കാതെ ഉറക്കം നടിക്കുന്ന ഗതാഗത മന്ത്രിയെ ഉണര്‍ത്തുന്നതിനായാണ് തങ്ങളുടെ വേറിട്ട പ്രതിഷേധമെന്ന് ഡ്രൈവിങ് സ്‌കൂള്‍ പ്രതിനിധികള്‍ പറഞ്ഞു. തൃശൂർ മെഡിക്കൽ കോളജിന് സമീപം അത്താണി ഗ്രൗണ്ടിലായിരുന്നു ഇവരുടെ പ്രതിഷേധം.
പ്രതിഷേധം ഡ്രൈവിങ് സ്‌കൂൾ പ്രതിനിധി ജയൻ മാഷ് ഉദ്‌ഘാടനം ചെയ്‌തു. ശശി പ്രകാശ്, പെപ്പിൻ ജോർജ്, സൂരജ് എന്നിവർ നേതൃത്വം നൽകി. അതേസമയം, ഡ്രൈവിങ് ലൈസൻസ് ടെസ്‌റ്റ് പരിഷ്‌കാരത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം കടുക്കുന്നത്. കേരളത്തിന്‍റെ വിവിധ ജില്ലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളുടെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പ്രതിഷേധത്തെത്തുടര്‍ന്ന് നിരവധി ആളുകളുടെ ഡ്രൈവിംഗ് ടെസ്‌റ്റ് വീണ്ടും വീണ്ടും മുടങ്ങുന്ന അവസ്ഥയാണ്.ഗതാഗത വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിൻവലിക്കാതെ പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറില്ലെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷനുകള്‍ പറയുന്നത്.