കൊല്ലം : ഡോക്‌ടർ വന്ദന ദാസ് കൊലക്കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് വിടുതൽ ഹർജി നൽകി പ്രതി സന്ദീപ്. വന്ദനയുടെ മരണത്തിൽ സന്ദീപിന് നേരിട്ട് പങ്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. വന്ദനയുടെ മരണത്തിന് കാരണം മെഡിക്കൽ അശ്രദ്ധയും പൊലീസിന്‍റെ വീഴ്‌ചയുമാണെന്ന് സന്ദീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബി എ ആളൂർ വാദിച്ചു. കേസ് മെയ് 22ന് കോടതി വീണ്ടും പരിഗണിക്കും.
പ്രതിക്ക് കൊലപാതകത്തിൽ നേരിട്ട് യാതൊരു പങ്കുമില്ലെന്നും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ അവിടെ കണ്ട കത്രിക ഉപയോഗിച്ച് കുത്തി എന്ന കുറ്റം മാത്രമേ ചെയ്‌തിട്ടുള്ളുവെന്നും ബി എ ആളൂർ പറഞ്ഞു. സംഭവത്തിന് ശേഷമുണ്ടായ ഡോക്‌ടർമാരുടെ നിരുത്തരവാദപരമായ പെരുമാറ്റവും പൊലീസിന്‍റെ വീഴ്‌ചയും കാരണമാണ് കൊല്ലപ്പെട്ടതെന്നാണ് താൻ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യങ്ങൾ കണക്കാക്കിയാണ് വിടുതൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതെന്നും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി.
ഡോ വന്ദന ദാസ് കൊലക്കേസിൽ വാദം ആരംഭിച്ചതിനുശേഷം ആദ്യമായാണ് പ്രതി സന്ദീപിനെ കോടതിയിൽ ഹാജരാക്കുന്നത്. അറസ്റ്റിലായ ശേഷം 2023 മെയ് 10 മുതൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് പ്രതിയായ സന്ദീപ്. കുറ്റപത്രത്തിന് മേലുള്ള വാദം ആരംഭിച്ച ദിവസം തന്നെ സുപ്രീംകോടതിയിലെ ജാമ്യ ഹർജി ചൂണ്ടിക്കാട്ടി വാദം മാറ്റിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
പിന്നാലെയാണ് കേസിൽ നിന്ന് സന്ദീപിനെ പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിടുതൽ ഹർജിയും നൽകിയത്. രണ്ട് ഹർജികളിലും പ്രോസിക്യൂഷൻ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്. വാദം കേൾക്കാനായി വന്ദന ദാസിന്‍റെയും സന്ദീപിന്‍റെയും മാതാപിതാക്കൾ കോടതിയിലെത്തിയിരുന്നു.
ബന്ധുക്കളുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് സന്ദീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പത്ത് മിനിറ്റ് നേരം അമ്മയുമായി സംസാരിക്കാനും പ്രതിക്ക് കോടതി അനുവാദം നൽകി.