ഇടുക്കി: ഇത്തവണയും ഇടുക്കിയിൽ മുറ തെറ്റാതെ ഇരട്ട വോട്ട് വിവാദമുയർത്തി യുഡിഎഫും, എൻഡിഎയും. നിയമസഭ തെരഞ്ഞെടുപ്പിലെ പോലെ തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പ് എത്തുമ്പോഴും അതിർത്തി മേഖലകളില്‍ വീണ്ടും ഇരട്ടവോട്ട് വിവാദം കൊഴുക്കുകയാണ്. ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങളിൽ അൻപതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് യുഡിഎഫും എൻഡിഎയും ആരോപിക്കുന്നത്.
എന്നാൽ ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പരാജയഭീതി മൂലമാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നാണ് എൽഡിഎഫിന്‍റെ മറുപടി. കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയല്‍ രേഖകള്‍, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ കൈവശമുള്ളവരാണ് രണ്ടിടത്തും വോട്ടുചെയ്യുന്നത്. പീരുമേട്, ദേവികുളം, ഉടുമ്പൻചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തില്‍ ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്.
തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളോടും തേനി ലോക്‌സഭ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ. രേഖകള്‍ രണ്ടു സംസ്ഥാനങ്ങളിലായതിനാല്‍ രണ്ട് വോട്ട് ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. ഈ വോട്ടുകൾ എല്ലാം ഇടതുപക്ഷത്തിന് അനുകൂലമായാണ് ചെയ്യാറുള്ളതെന്നും, അത് തടയാൻ നടപടി വേണമെന്നുമാണ് യുഡിഎഫിന്‍റെ ആവശ്യം.
ഒരു സ്ഥാനാർത്ഥിയുടെ ജയവും തോൽവിയും തീരുമാനിക്കാൻ സാധിക്കുന്ന അത്ര ഇരട്ട വോട്ടുകളാണ് ജില്ലയിൽ ഉള്ളതെന്നും അതിന്‍റെ ആനുകൂല്യം പറ്റുന്നത് ഇടതുപക്ഷമാണെന്നും എൻഡിഎ ആരോപിക്കുന്നു. അതേസമയം പരാജയഭീതി മൂലമാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് എൽഡിഎഫിന്‍റെ മറുപടി.
വർഷങ്ങളായി നിലനില്‍ക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാൻ 2016ല്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടിയുമുണ്ടായില്ല. ഇത്തവണ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇരട്ട് വോട്ട് ചെയ്യിക്കുന്ന പതിവ് പരിപാടിക്ക് വിരാമമിടാൻ ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത നീക്കവും നടത്തുന്നുണ്ട്.