കണ്ണൂര്‍ : സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് നല്‍കിയ പരാതിയില്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയും ഡോക്‌ടര്‍മാരും ചേര്‍ന്ന് 4.12 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്. ശസ്ത്രക്രിയയെ തുടര്‍ന്ന് കൈക്ക് സ്വാധീന ശേഷി കുറഞ്ഞു എന്ന പരാതിയിലാണ് കമ്മീഷന്‍റെ ഉത്തരവ്. തലശ്ശേരി തിരുവങ്ങാട് മുണ്ടാരത്ത് പൊയില്‍ സി. രാധാകൃഷ്‌നാണ് പരാതി നല്‍കിയത്. രാധാകൃഷ്‌ണനെ ചികിത്സിച്ച ഡോക്‌ടര്‍മാരും ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയുമാണ് തുക നല്‍കേണ്ടത്.
2020 ജനുവരി 5ന് വീട്ടിലെ കുളിമുറിയില്‍ വഴുതി വീണ് കൈയ്യുടെ എല്ലു പൊട്ടിയ തന്നെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്‌ടര്‍ കീ ഹോള്‍ ശസ്ത്രക്രിയ നടത്തിയെന്നും ശസ്ത്രക്രിയക്ക് ശേഷം കൈക്ക് സ്വാധീന ശേഷി കുറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ തുടര്‍ ശസ്ത്രക്രിയ നടത്തി. കൈക്കുഴ ടെന്‍ഡര്‍ ട്രാന്‍സ്‌ഫറിലൂടെ നേരെയാക്കി.
ഫിസിയോ തെറാപ്പി ചെയ്‌തെങ്കിലും അറുപത് ശതമാനം ചലന ശേഷി മാത്രമാണ് തിരികെ ലഭിച്ചത്. ചികിത്സക്കായി ദീര്‍ഘകാലം അവധി ലഭിക്കാത്തതിനാല്‍ സ്വകാര്യ കമ്പനിയിലെ ജോലി രാജി വെക്കേണ്ടി വന്നതായും പരാതിയില്‍ പറയുന്നു. ഉപഭോക്തൃ കമ്മിഷന്‍ പ്രസിഡണ്ട് രവി സുഷ, അംഗം മോളിക്കുട്ടി മാത്യു, കെ.പി. സജീഷ്, എന്നിവരാണ് ഉത്തരവിട്ടത്.