പത്തനംതിട്ട : റാന്നി തുലാപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പുളിയന്‍കുന്ന് മലയില്‍ ബിജുവിന്‍റെ കുടുംബത്തിന് ആദ്യ ഘട്ട നഷ്‌ടപരിഹാരമായി അഞ്ചുലക്ഷം രൂപ ജില്ല കലക്‌ടർ എസ് പ്രേം കൃഷ്‌ണന്‍ കൈമാറി. കാട്ടാന ശല്യം നേരിടാനുള്ള നടപടികളെക്കുറിച്ച് വനം വകുപ്പ് അധികൃതരുമായി കലക്‌ടർ ചര്‍ച്ച നടത്തി. ഇതിനനുസരിച്ചുള്ള നടപടികള്‍ വൈകാതെയുണ്ടാകും.
ബിജുവിന്‍റെ ബന്ധുക്കളെ സമാശ്വസിപ്പിച്ച കലക്‌ടര്‍ ഈ വിഷയത്തില്‍ എല്ലാവിധ തുടര്‍ നടപടികളും കാലതാമസമില്ലാതെ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.സബ് കലക്‌ടർ സഫ്‌ന നസ്‌റുദീന്‍, റാന്നി ഡി എഫ് ഒ ജയകുമാര്‍ ശര്‍മ്മ തുടങ്ങിയവര്‍ കലക്‌ടർക്കൊപ്പമുണ്ടായിരുന്നു.
ഇന്നലെ (01-04-2024) പുലർച്ചെ ഒന്നരയോടെയാണ് ഓട്ടോ ഡ്രൈവറായ ബിജു (58) തുലാപ്പള്ളിയിലെ വീടിന് സമീപത്തുവച്ച് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന്‍റെ മുറ്റത്തെത്തിയ ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്‌ദം കേട്ടാണ് ബിജുവും കുടുംബവും എഴുന്നേറ്റത്. കൃഷി നശിപ്പിക്കുന്നതിൽ നിന്ന് ആനയെ തടയാനായി ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയായിരുന്നു ആക്രമണം. അൽപ്പസമയം കഴിഞ്ഞ് വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.