കോഴിക്കോട് : മരുന്ന് വിതരണം കച്ചവടക്കാർ നിർത്തിവച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയാലിസിസും പൂർണമായി നിലച്ചു. മരുന്ന് വിതരണം നിർത്തിവച്ചിട്ട് ഒരാഴ്‌ച പൂർത്തിയായതോടെയാണ് ഇപ്പോൾ ഡയാലിസിസ് നിർത്തിവയ്‌ക്കേണ്ടി വന്നത്. ഡയാലിസിസ് ചെയ്യുന്നതിനുള്ള മരുന്നും അനുബന്ധ ഉപകരണങ്ങളും പുറത്തുനിന്ന് വാങ്ങി നൽകുന്നവർക്ക് മാത്രമാണ് ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നത്.
ആശുപത്രിയിലെ ഫാർമസിയിൽ പല മരുന്നുകളും കിട്ടാതായതോടെ ആളുകൾക്ക് കൂടുതലും പുറത്തെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയായി. കോഴിക്കോട് മെഡിക്കൽ കോളജ് വലിയ പ്രതിസന്ധിയിൽ കടന്നുപോയിട്ടും ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്നും പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
75 കോടിയോളം കുടിശിക ഉള്ളതിനാൽ സർക്കാർ ഫണ്ട് അനുവദിക്കാതെ മെഡിക്കൽ കോളജിന് വിഷയത്തിൽ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയുണ്ട്. ക്യാൻസർ രോഗികൾ ഉൾപ്പെടെ ഇപ്പോൾ മരുന്ന് പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയകൾക്ക് വേണ്ടി സൂക്ഷിച്ചു വെച്ചിട്ടുള്ള ശസ്ത്രക്രിയ ഉപകരണങ്ങളിൽ പലതും ഇപ്പോൾ തീർന്ന അവസ്ഥയിലാണ്.
കൂടാതെ മെഡിക്കൽ കോളജിലെ എല്ലാ ജീവൻ രക്ഷ ശാസ്ത്രക്രിയ വാർഡുകളിലെയും ഉപകരണങ്ങളും മരുന്നിൻ്റെയും സ്റ്റോക്ക് അവസാനിച്ചിട്ടുണ്ട്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മെഡിക്കൽ കോളജിന് ഇപ്പോൾ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇവരുടെ കൈവശം എല്ലാവിധ മരുന്നുകളും ഇല്ലെന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.
ഓർത്തോ വിഭാഗം നേരത്തെ തന്നെ എല്ലാവിധ ശസ്ത്രക്രിയകളും മാറ്റിവച്ചിട്ടുണ്ട് ഹൃദ്രോഗ വിഭാഗത്തിൽ വ്യാഴാഴ്‌ച മുതൽ ആൻജിയോപ്ലാസ്റ്ററി ഉൾപ്പെടെയുള്ളവയും മാറ്റിവച്ചു. സർക്കാർ അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെട്ട് പരിഹരിച്ചില്ലെങ്കിൽ പാവപ്പെട്ട രോഗികൾ അടക്കം വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്.