കാസര്‍കോട്: ഷൊർണ്ണൂർ മുതൽ കണ്ണൂർ വരെയും തിരിച്ചും ജൂലായ് രണ്ട് മുതൽ പുതിയ ട്രെയിൻ ഓടി തുടങ്ങും. ഷൊർണൂർ-കണ്ണൂർ റൂട്ടിൽ ആഴ്‌ചയിൽ നാല് ദിവസമാണ് പാസഞ്ചർ തീവണ്ടി റെയിൽവേ പ്രഖ്യാപിച്ചത്. എന്നാൽ കാസർകോടിനെ പൂർണമായും അവഗണിച്ചതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഏറ്റവും കൂടുതൽ യാത്രാ ദുരിതം അനുഭവിക്കുന്ന കാസർകോടുകാർക്ക് നിരാശ മാത്രം സമ്മാനിക്കുന്നതാണ് റെയിൽവേയുടെ പുതിയ തീരുമാനം.
രാത്രിയിലുള്ള ജനശതാബ്‌ദിയും എക്‌സിക്യൂട്ടീവും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. 6.29 നു പരശുറാമും 6.40 ന് നേത്രവതിയും പോയാൽ പിന്നെയുള്ളത് 10.38 ന് വരുന്ന വന്ദേഭാരത് ആണ്. ഇതിനിടയില്‍ നാല് മണിക്കൂറോളം വണ്ടിയില്ല. അതുകൊണ്ട് തന്നെ പിന്നീട് സാധാരണക്കാരുടെ ആശ്രയം കെഎസ്ആർടിസി ബസ് മാത്രമാണ്.
പുതിയ ട്രെയിൻ രാത്രി 7.40 നു കണ്ണൂരിൽ എത്തും. ഇത് കാസർകോട് വരെ നീട്ടിയാൽ 9.30 ഓടെ കാസർകോട് എത്താൻ സാധിക്കും. ഇത് യാത്രക്കാർക്ക് ഏറെ സൗകര്യമാകും. പുതിയ പാസഞ്ചർ ട്രെയിൻ മംഗളുരുവിലേക്കോ അല്ലെങ്കില്‍ കാസർകോട് വരെയെങ്കിലുമോ നീട്ടണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഇതിനായി എംപിയുടെ ഇടപെടൽ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഷൊർണൂർ-കണ്ണൂർ വണ്ടി (06031) ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂർ-ഷൊർണൂർ വണ്ടി (06032) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ്. 10 ജനറൽ കോച്ചുകളുള്ള വണ്ടി തത്‌കാലം ഒരുമാസത്തേക്കാണ് ഓടുക.
വൈകിട്ട് 3.40-ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന വണ്ടി പട്ടാമ്പി-3.54, കുറ്റിപ്പുറം-4.13, തിരൂർ-4.31, താനൂർ-4.41, പരപ്പനങ്ങാടി-4.49, ഫറൂഖ്-5.15, കോഴിക്കോട്-5.30, കൊയിലാണ്ടി-6.01, വടകര-6.20, മാഹി-6.33, തലശ്ശേരി-6.48 എന്ന സമയക്രമത്തിൽ 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് രാവിലെ 8.10-ന് പുറപ്പെടുന്ന വണ്ടി തലശ്ശേരി-8.25, മാഹി-8.36, വടകര-8.47, കൊയിലാണ്ടി-9.09, കോഴിക്കോട്-9.45, ഫറൂഖ്-10.05, പരപ്പനങ്ങാടി-10.17, താനൂർ-10.26, തിരൂർ-10.34, കുറ്റിപ്പുറം-10.49, പട്ടാമ്പി-11.01 എന്ന സമയക്രമത്തിൽ 12.30-ന് ഷൊർണൂരെത്തും.
ഹ്രസ്വദൂര യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ ഗുണപ്രദമാകും. കൂടാതെ വൈകീട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും. കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത സ്ഥിതിയും മാറും.
Also Read: ഷൊർണൂർ-കണ്ണൂർ റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ; മലബാറിലെ യാത്രക്കാർക്ക് ആശ്വാസം