ഇടുക്കി: ഏലമല കാടുകൾ വന ഭൂമി ആക്കാനുള്ള നീക്കത്തിനെതിരെ ഇടുക്കിയിൽ വൻ പ്രതിഷേധം. വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതിനായി നെടുംകണ്ടത്ത് എംപി ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ ആലോചന യോഗം ചേർന്നു. യോഗത്തിൽ സിഎച്ച്ആറുമായി (Cardamom Hill Reserve) ബന്ധപ്പെട്ട വില്ലേജുകളിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു.
ഏലമല കാടുകളിൽ വനം വകുപ്പിന്‍റെ അവകാശ വാദങ്ങൾ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി ഉടൻ പരിഗണിക്കാൻ ഇരിക്കെയാണ് കർഷക - സന്നദ്ധ/സമുദായിക സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നത്. നിലവിൽ ഏല മലകാടുകളിലെ മരങ്ങളുടെ ഉടമസ്ഥതാവകാശം വനം വകുപ്പിനും ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനുമാണ്. പൂർണ അവകാശം വനം വകുപ്പിന് നൽകിയാൽ ഇടുക്കിയിലെ ജീവിതവും കൃഷിയും പ്രതിസന്ധിയിൽ ആവും.
അതേസമയം സിഎച്ച്ആർ കേസിൽ പരാജയപെട്ടാൽ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് ആകുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാകോസ് പറഞ്ഞു. സർക്കാർ സുതാര്യവും സത്യസന്ധവുമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയിൽ തിരിച്ചടി നേരിടുമെന്ന് യോഗം ഓർമപ്പെടുത്തി.
സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ തോറ്റാൽ ഇടുക്കി കണ്ട് ഏറ്റവും വലിയ കുടിയിറക്കമായിരിക്കും പിന്നെ നടക്കുക. അതുകൊണ്ട് തന്നെ അതിന്‍റെ ഉത്തരവാദിത്വം സർക്കാരിനായിരിക്കും. സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള നിലപാടില്ലായ്‌മ മൂലവും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് വ്യത്യസ്‌ത നിലപാട് ഉണ്ടാകുന്നതിന്‍റെയും പേരിലാണ് കേസിന് ദോഷകരമായിട്ടുള്ള സാഹചര്യം ഉണ്ടാകുന്നതെന്ന് യോഗത്തിൽ സൂചിപ്പിച്ചു.
വിഷയത്തിൽ വനം റവന്യൂ വകുപ്പുകളുടെ നിലപാട് ഒന്നാണെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏല മലകാടുകൾക്ക് എതിരെ വരുന്ന ഏതൊരു തിരിച്ചടിയും ഇടുക്കിയുടെ സാമ്പത്തിക, ജീവിത സാഹചര്യങ്ങളെ ബാധിക്കുമെന്നും യോഗം അറിയിച്ചു.
Also Read: മന്ത്രി വാക്ക് പാലിച്ചില്ല, സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് കര്‍ഷകൻ