പത്തനംതിട്ട : വിവാദ ദല്ലാള്‍ നന്ദകുമാറുമായി ചേർന്ന് ആന്‍റോ ആന്‍റണി ഗൂഢാലോചന നടത്തിയെന്നും ആന്‍റോ ആന്‍റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടത്തിയെന്നുമുള്ള എൻഡിഎ സ്ഥാനാർഥി അനില്‍ ആന്‍റണിയുടെ ആരോപണത്തിന് മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി രംഗത്ത്. വിവാദത്തില്‍പ്പെടുമ്പോള്‍ ആരുടെയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനില്‍ ആന്‍റണിയുടേതെന്ന് ആന്‍റോ ആന്‍റണി പ്രതികരിച്ചു.
അനില്‍ ആന്‍റണിക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. ഇത്ര വിവരദോഷം പറയുന്ന ഒരുവ്യക്തിക്ക് മറുപടിപറയാന്‍ വേറെ ജോലിയൊന്നുമില്ലേയെന്നും ആന്‍റോ ആന്‍റണി ചോദിച്ചു. ജീവിതത്തില്‍ ഇന്ന് വരെ ദല്ലാള്‍ നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.
10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് അനില്‍ ആന്‍റണിയുടെ പാര്‍ട്ടിയാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. തനിക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ അവര്‍ കേസെടുക്കട്ടെ. എനിക്കെതിരെ നാലു സമരത്തില്‍ പങ്കെടുത്തതിന്‍റെ കേസുകള്‍ മാത്രമേയുള്ളൂ. അതല്ലാതെ മറ്റ് കേസുകളൊന്നുമില്ല. ഇല്ലാത്ത കള്ളക്കഥയും പറഞ്ഞു നടക്കുന്നത് എന്തിനാണെന്നും ആന്‍റോ ആന്‍റണി ചോദിച്ചു.