പത്തനംതിട്ട : പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്‍റണിക്കെതിരെ ആരോപണവുമായി ദല്ലാൾ നന്ദകുമാർ. യുപിഎ സർക്കാരിന്‍റെ കാലത്ത് കേരള ഹൈക്കോടതിയിലെ സിബിഐ സ്‌റ്റാൻഡിങ് കൗൺസൽ നിയമനത്തിനായി 25 ലക്ഷം രൂപ അനിൽ ആന്‍റണി വാങ്ങിയെന്നും, നിയമനം നടക്കാതെ വന്നതിനെത്തുടർന്ന് ഏറെ പണിപ്പെട്ടാണ് പണം തിരികെ വാങ്ങിയതെന്നും ആയിരുന്നു ദല്ലാൾ നന്ദകുമാറിന്‍റെ ആരോപണം.
ഈ ആരോപണം ശരിയെന്ന് തെളിയിക്കാൻ നന്ദകുമാറിനെ വെല്ലുവിളിച്ച് അനിൽ ആന്‍റണി. നന്ദകുമാർ തന്നെ നിരന്തരം ശല്യം ചെയ്‌ത ആളാണെന്നും ശല്യം സഹിക്കവയ്യാതെ നമ്പറുകൾ ബ്ലോക്ക് ചെയ്‌തിരുന്നുവെന്നും അനിൽ ആന്‍റണി പറഞ്ഞു.
25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണം നിഷേധിക്കുകയാണ് പത്തനം തിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്‍റണി ചെയ്‌തത്. തനിക്കെതിരെ ആരോപണമുന്നയിച്ച ദല്ലാൾ നന്ദകുമാർ സമൂഹവിരുദ്ധനാണെന്നും അയാളെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍ണിയും മറ്റ് ചില കോൺഗ്രസ് നേതാക്കളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ കെട്ടിച്ചമച്ച വെറും കഥയാണ് ഈ ആരോപണം എന്നും അനിൽ ആന്‍റണി വ്യക്തമാക്കി.
മാത്രമല്ല തെളിവുണ്ടെങ്കിൽ പുറത്ത് വിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ കരിവാരിത്തേക്കാനുള്ള യുഡിഎഫിന്‍റെ നീക്കമാണിതെന്നും അനിൽ ആന്‍റണി കൂട്ടിച്ചേർത്തു. പത്തനംതിട്ടയില്‍ തന്‍റെ ജയം ഉറപ്പായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നെറികെട്ട ആരോപണങ്ങളുമായി വരുന്നത്.
ആരോപണം ഉന്നയിച്ച ദല്ലാള്‍ നന്ദകുമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. പി ജെ കുര്യനാണ് ദല്ലാള്‍ നന്ദകുമാറിനെ പരിചയപ്പെടുത്തിയത്. പി ജെ കുര്യന്‍റെ പ്രമാദമായ കേസ് ഒത്തു തീര്‍പ്പാക്കിയത് ദല്ലാള്‍ നന്ദകുമാറായിരുന്നു.
ജഡ്‌ജിയെ മാറ്റുന്നതടക്കമുള്ള നടക്കാത്ത ആവശ്യങ്ങളുമായി നന്ദകുമാര്‍ തന്നെ കാണാന്‍ വന്നിരുന്നു. പി ജെ കുര്യന്‍ ആന്‍റണിയേയും ഉമ്മന്‍ ചാണ്ടിയേയും കെ കരുണാകരനെയും എല്ലാം ചതിച്ചയാളാണ്. ഇപ്പോള്‍ ആന്‍റണിയെ ചതിക്കാനുള്ള നീക്കമാണ് നടത്തുന്നത്. തനിക്കെതിരെ മനപ്പൂര്‍വം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പിന്നില്‍ പിജെ കുര്യന്‍റെ ബുദ്ധിയാണെന്നും ആ അജണ്ടയില്‍ വീഴില്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു.