കണ്ണൂർ: കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ ചൂരൽ വെള്ളച്ചാട്ടത്തിനടുത്തുള്ള അഞ്ചേക്കർ സ്ഥലം 8 വർഷങ്ങൾക്ക് മുമ്പ് ചൂരൽ സ്വദേശി ജിജീഷ് വാങ്ങുമ്പോൾ മനസിൽ നിറയെ സ്വപ്‌നങ്ങൾ ആയിരുന്നു. തന്‍റെ സ്വപ്‌നങ്ങൾ വളർത്തിയെടുക്കാൻ, ടൂറിസം രംഗത്ത് തന്‍റേതായ മാതൃക തീർക്കാൻ, പാരമ്പര്യമായി കിട്ടിയ പശു വളർത്തലിലെ അറിവും പ്രകൃതി സുന്ദരമായ അന്തരീക്ഷവും ജിജീഷ് കൂടെ കൂട്ടി.
അങ്ങനെയാണ് ടൂറിസം സാധ്യതകൾ മുൻനിർത്തി അരിയിൽ വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് 3 പശുക്കളെ വാങ്ങി ക്ഷീര ഫാം എന്ന സങ്കൽപത്തിന് തുടക്കമിടുന്നത്. കൂടെ ആട്, കോഴി തുടങ്ങിയവയെയും ഫാമിലേക്ക് വാങ്ങി. മായമില്ലാത്ത ഭക്ഷണവും പ്രകൃതിയോടിണങ്ങിയ വിനോദ സഞ്ചാരവും അതായിരുന്നു ജിജീഷിന്‍റെ സ്വപ്‌നം.
ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുന്ന ഐടി മേഖലയിൽ ജോലി ചെയ്യുമ്പോൾ പശുവളർത്തലിനെ പരിഹസിച്ചവരുണ്ട് അന്ന്. എന്നാൽ ഇന്ന് പ്രതിദിനം 300 ലിറ്റർ പാൽ നൽകുന്ന ഫാർമിന്‍റെ ഉടമയാണ് ജിജീഷ്. ഐടി മേഖലയിലാണ് ജോലി എന്നതിനാൽ ജിജീഷ് തുടങ്ങിയ ഫാം വളർന്നതും ഹൈടെക് ആയി തന്നെയായിരുന്നു.
സാങ്കേതികവിദ്യയും യന്ത്രവത്‌കരണത്തിന്‍റെ സാധ്യതകളും എല്ലാം ഉപയോഗപ്പെടുത്തിയാണ് ജിജീഷ് ഫാം മുന്നോട്ട് കൊണ്ട് പോകുന്നത്. തന്‍റെ പശു ഫാമിലെ പശുക്കളുടെ ബയോഡാറ്റ അടങ്ങിയ ഒരു മൊബൈൽ ആപ്പ് ജിജീഷ് നിർമ്മിച്ചെടുത്തു. ജിജീഷ് സ്ഥലത്തില്ലാത്തപ്പോൾ ഫാമിന്‍റെ കാര്യങ്ങൾ നോക്കി നടത്തുന്നത് ഈ മൊബൈൽ ആപ്പിന്‍റെ സഹായത്തോടെയാണ്.
പശുക്കളുടെ എണ്ണവും പരിപാലനവും ആരോഗ്യസ്ഥിതിയും എല്ലാം കൃത്യതയോടെ ആപ്പിൽ രേഖപ്പെടുത്താൻ കഴിയുന്നുണ്ട്. ഒപ്പം പശുക്കളുടെ പ്രസവ തീയതിയും കൃത്യമായി ഈ ആപ്പിലൂടെ അറിയും. മൂന്നു പശുക്കളുമായി ചെറിയതോതിൽ തുടങ്ങിയ സംരംഭമാണ് ഇപ്പോൾ വളർന്നു പന്തലിച്ച് നൂറിലധികം പശുക്കൾ ഉള്ള ഫാം ആയി മാറിയിരിക്കുന്നത്.
ബ്രീഡുകൾക്കിടയിലെ പരീക്ഷണങ്ങൾ: ജേഴ്‌സി, എച്ച്എഫ് ക്രോസ്, റാത്തി ബ്രീഡ്, കാസർഗോഡ് കുള്ളൻ, വെച്ചൂർ ഹരിയാന പശു, ഗീർ സഹിവാൾ തുടങ്ങി രാജ്യത്തെ തന്നെ വ്യത്യസ്‌ത 14 ഇനം പശുക്കൾ ആണ് ജിജീഷിന്‍റെ ഫാമിൽ ഉള്ളത്. ആദ്യം ഒരു പശുവിനെ വാങ്ങുകയും അതിൽ നിന്നും പാലുത്പാദനവും ആരോഗ്യവും മുന്നിൽ കണ്ട് സ്വന്തം ബ്രീഡുകൾ ഉണ്ടാക്കുന്നതുമാണ് ജിജീഷിന്‍റെ മറ്റൊരു രീതി. കൃത്യമായും സുരക്ഷിതമായൊരു ഇടം രൂപപെടുത്തിയാണ് പുതിയ ബ്രീഡുകൾ ഉണ്ടാക്കുന്നതെന്ന് ജിജീഷ് പറയുന്നു. ഓരോ പ്രായത്തിൽ ഉള്ള പശുക്കളെയും വേർതിരിച്ചാണ് പരിപാലിക്കുന്നത്.
മാനസിക സമ്മർദം ഇല്ലാതെ ജീവികളെ വളർത്തുന്നതിൽ ജിജീഷ് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആട്,കോഴി,താറാവ് അലങ്കാര കോഴി എന്നിവയ്‌ക്കൊന്നും കെട്ടുപാടുകൾ ഇല്ല. മേഞ്ഞ് നടക്കുന്ന കാലികളെ കെട്ടിയിടാറില്ല. രാവിലെ കറവ കഴിഞ്ഞാൽ പറമ്പിലേക്ക് അങ്ങ് അഴിച്ച് വിടും. ഫാമിന് മുന്നിൽ രൂപപ്പെടുത്തിയ കുളത്തിൽ വേണ്ടവർക്ക് കുളിക്കാം. വെയിൽ കായാം. അതിന് സമീപത്തുകൂടി സമാന്തരമായി ചൂരൽ വെള്ളച്ചാട്ടം പതഞ്ഞു നുരഞ്ഞ് തഴുകി ഒഴുകുന്നുണ്ട്. അതിന്‍റെ തണുപ്പ് കാറ്റേറ്റ് അൽപ സമയം മയങ്ങാം. കർണാടകയിൽ നിന്നെത്തിക്കുന്ന ചോളം പുല്ലു പാക്ക് ചെയ്‌ത് എടുക്കാൻ സൈലേജ് പ്ലാന്‍റും ജിജീഷിന്‍റെ ഫാമിനു തൊട്ടടുത്ത് ക്രമീകരിച്ചിട്ടുണ്ട്. ജൈവവൈവിധ്യ സംരക്ഷണ ബോർഡിന്‍റെ മികച്ച സംരക്ഷക കർഷക പുരസ്‌കാരം നേടിയ കർഷകൻ കൂടിയാണ് ജിജീഷ് കെ വി.
Also Read:ആട് കൃഷി ഒരു 'എടിഎം'; ചെറിയ മുതല്‍ മുടക്കില്‍ വലിയ ലാഭം കൊയ്യാം, വിശദമായി അറിയാം