കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഹരീഷ് നന്ദനത്തിനെതിരെയാണ് കേസെടുത്തത്. ശൈലജയ്‌ക്കെതിരെ അപകീർത്തികരമായ പോസ്‌റ്റ് പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം. ഇയാളെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു.
വടകരയിൽ എൽഡിഎഫ് നൽകിയ സൈബർ ആക്രമണ പരാതിയിൽ പ്രതി ചേർക്കപ്പെടുന്ന ആദ്യ കോൺഗ്രസ് പ്രവർത്തകനാണ് ഹരീഷ്. ഇതോടെ കെകെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത ആകെ കേസുകളുടെ എണ്ണം അഞ്ച് ആയി. നേരത്തെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത കേസുകളിലെ പ്രതികൾ എല്ലാം മുസ്ലിംലീഗ് പ്രവർത്തകരായിരുന്നു.
കെകെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം : വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയ്‌ക്ക് എതിരെ സൈബർ ആക്രമണം നടത്തിയെന്ന പരാതിയില്‍ രജിസ്‌റ്റർ ചെയ്‌ത കേസുകളുടെ എണ്ണം അഞ്ചായി. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും പ്രവാസിയുമായ കെ എം മിൻഹാജിനെതിരെ രണ്ടിടത്ത് കേസെടുത്തിട്ടുണ്ട്. വടകരയിലും മട്ടന്നൂരിലുമാണ് മിൻഹാജിനെതിരായ കേസെടുത്തിരിക്കുന്നത്. സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരെ പേരാമ്പ്ര പൊലീസും കേസെടുത്തിട്ടുണ്ട്.
നേരത്തെ ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേതാവിനെതിരെയും കേസെടുത്തിരുന്നു. കേസില്‍ ഇതുവരെ പ്രതി ചേർക്കപ്പെട്ടവരെല്ലാം മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്ന് പൊലീസ് സൂചിപ്പിച്ചു. ശൈലജയുടെ ചിത്രം മോർഫ് ചെയ്‌ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് കെ എം മിൻഹാജിനെതിരെ മട്ടന്നൂർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.
ശൈലജയ്‌ക്കെതിരെ മങ്ങാട് സ്നേഹതീരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് മുസ്‌ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഇസ്ലാമിനെതിരെ പൊലീസ് കേസെടുത്തത്. മുസ്‌ലിം സമുദായത്തെ ആകെ അധിക്ഷേപിക്കുന്ന വിധത്തിൽ ശൈലജയുടെ പേരിൽ ഇയാൾ വ്യാജ സന്ദേശം പ്രചരിപ്പിച്ചിരുന്നു, കലാപാഹ്വാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് അശ്ലീല പോസ്‌റ്റിനെതിരെ ശൈലജ വീണ്ടും പൊലീസിൽ പരാതി നൽകിയത്.