കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയ്‌ക്ക് എതിരെ സൈബർ ആക്രമണം നടത്തിയെന്ന പരാതിയില്‍ രജിസ്‌റ്റർ ചെയ്‌ത കേസുകളുടെ എണ്ണം നാലായി. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും പ്രവാസിയുമായ കെ എം മിൻഹാജിനെതിരെ രണ്ടിടത്താണ് കേസെടുത്തിരിക്കുന്നത്. വടകരയിലും മട്ടന്നൂരിലുമാണ് മിൻഹാജിനെതിരായ കേസെടുത്തിരിക്കുന്നത്. സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരെ പേരാമ്പ്ര പൊലീസും കേസെടുത്തിട്ടുണ്ട്.
നേരത്തെ ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേതാവിനെതിരെയും കേസെടുത്തിരുന്നു. കേസില്‍ ഇതുവരെ പ്രതി ചേർക്കപ്പെട്ടവരല്ലാം മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ശൈലജയുടെ ചിത്രം മോർഫ് ചെയ്‌ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് കെ എം മിൻഹാജിനെ മട്ടന്നൂർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.
ശൈലജക്കെതിരെ മങ്ങാട് സ്നേഹതീരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് മുസ്‌ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഇസ്ലാമിനെതിരെ പൊലീസ് കേസെടുത്തത്. മുസ്‌ലിം സമുദായത്തെ ആകെ അധിക്ഷേപിക്കുന്ന വിധത്തിൽ ശൈലജയുടെ പേരിൽ ഇയാൾ വ്യാജ സന്ദേശം പ്രചരിപ്പിച്ചു, കലാപാഹ്വാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്‌റ്റിനെതിരെ ശൈലജ വീണ്ടും പൊലീസിൽ പരാതി നൽകിയത്.