തിരുവനന്തപുരം: കേന്ദ്ര വിഹിതx കിട്ടിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്രം അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനം നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ച് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സുപ്രീം കോടതിയില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് സംസ്ഥാനത്തെ സാരമായി ബാധിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ബന്ധത്തെ അത് ബാധിക്കും. ഭരണഘടനാപരമായ അവകാശം എന്ന നിലയിലാണ് സുപ്രീംകോടതിയില്‍ കേസ് കൊടുത്തത്. കേന്ദ്രവുമായി നടത്തിയ ചര്‍ച്ച ആശാവഹമല്ലയെന്ന് നേരത്തെ പറഞ്ഞിരുന്നു. സ്യൂട്ട് പിന്‍വലിച്ചാലേ പണം തരൂയെന്നാണ് കേന്ദ്രം പറയുന്നത്.
കേന്ദ്രത്തിന്‍റെ നിലപാട് ഭരണഘടനയെ അംഗീകരിക്കാത്തതിന് തുല്യം. കേസ് കൊടുത്തത് കൊണ്ട് പണം തരില്ലെന്നാണ് കേന്ദ്രം പറയുന്നത്. പതിമൂവായിരം കോടിയോളം രൂപ കേന്ദ്രം തരാനുണ്ട്. ഒരു കേസ് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്തിന് കിട്ടേണ്ട പണമാണിത്. സംസ്ഥാനത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സാഹചര്യം. കേസില്‍ അടിസ്ഥാനമുണ്ടെന്ന് കേന്ദ്രത്തിന് അറിയാം. അതുകൊണ്ടാണ് കേസ് പിന്‍വലിക്കണമെന്ന് അവര്‍ പറയുന്നത്.
കേന്ദ്രം മര്‍ക്കടമുഷ്‌ടി കാണിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു. കേരളത്തോടുള്ള വെല്ലുവിളി. ന്യായമായ അവകാശത്തെ പോലും ഹനിക്കുന്നു. കോടതിയിലാണ് പ്രതീക്ഷ. കേന്ദ്രവുമായി ഏത് സാഹചര്യത്തിലും സംസാരിക്കാന്‍ സംസ്ഥാനത്തിന് മടിയില്ലെന്നും മന്ത്രി വ്യക്തമാക്കി.