കോഴിക്കോട്: പിവി അൻവറിന് പിന്നാലെ സിപിഎമ്മിനോട് ഇടഞ്ഞ് സിപിഎം മുൻ സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖും. തന്‍റെ ആവശ്യങ്ങൾ ഒരാഴ്‌ചയ്ക്കകം അംഗീകരിച്ചില്ലെങ്കിൽ മാറി ചിന്തിക്കുമെന്ന് സിപിഎമ്മിന് റസാഖ് മുന്നറിയിപ്പ് നൽകി. മന്ത്രി പിഎ മുഹമ്മദ് റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നും റസാഖ് ആരോപിച്ചു.
തന്നെ തോൽപ്പിക്കാൻ ഗൂഡാലോചന നടത്തി. തന്‍റെ വികസന പദ്ധതികൾ മന്ത്രി റിയാസ് അട്ടിമറിച്ചു. മന്ത്രിയെ കൂട്ട് പിടിച്ച് കൊടുവള്ളി എംഎൽഎയും ലീഗ് പ്രവർത്തകരും വികസനം അട്ടിമറിക്കുകയാണ്. ഇക്കാര്യങ്ങൾ പരിഹരിക്കണമെന്ന് സിപിഎം ലോക്കൽ ഏരിയ കമ്മിറ്റികൾക്ക് പരാതി കത്തായി നൽകിയിരുന്നു. ഇതിന് മൂന്ന് വർഷമായി മറുപടി ഇല്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇനി ഒരാഴ്‌ചയോ പത്ത് ദിവസമോ കാത്തിരിക്കും. അതിന് ശേഷം നിലപാട് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയോടോ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വത്തോടോ ഇതുവരെ അഭിപ്രായ വ്യത്യാസമില്ല. ലോക്കൽ - ഏരിയ കമ്മിറ്റികളുമായാണ് പ്രശ്‌നം. ഇപ്പോഴും ഇടത് സഹയാത്രികൻ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ അൻവറിനൊപ്പം പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അതിനാൽ അൻവർ ഉന്നയിച്ച സ്വർണ്ണക്കടത്ത് ആരോപണങ്ങളെ കുറിച്ച് കൂടുതൽ പറയുന്നില്ല. ഇന്നലെ അൻവറിനെ കണ്ട ശേഷം നിരവധി യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ പിന്തുണയുമായി വന്നു. ലീഗിലേക്ക് പോകില്ല. ലീഗ് അണികൾ നല്ലവരാണ്. പക്ഷേ നേതാക്കൾ ശരിയല്ല.
അൻവർ ക്ഷണിച്ചതായും കാരാട്ട് റസാഖ് വെളിപ്പെടുത്തി. കാത്തിരിക്കൂ എന്നാണ് മറുപടി പറഞ്ഞത്. താൻ പറയുന്നത് സിപിഎമ്മിനുളള അന്ത്യശാസനമല്ല. ഒരു പാർട്ടിക്ക് എതിരെ താൻ എങ്ങനെ അന്ത്യശാസനം നൽകുമെന്നും റസാഖ് ചോദിച്ചു.
അൻവറുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സിപിഎം നടപടി തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. കാറിൽ നിന്ന് ബോർഡ് ഇതിനോടകം തന്നെ നീക്കിയിട്ടുണ്ട്. അതിനിടെ പുതിയ പാർട്ടി രൂപീകരിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.
Also Read: 'പിണറായി സംഘപരിവാറിന് വിഷമമുള്ള ഒരു കാര്യവും ചെയ്യില്ല' :വിഡി സതീശൻ