പത്തനംതിട്ട: പീഡനക്കേസ് പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു. തിരുവല്ലയിലെ ലോക്കല്‍ കമ്മിറ്റി അംഗം സിസി സജിമോനെയാണ് പാർട്ടിയില്‍ തിരിച്ചെടുത്തത്. വിഷയത്തിൽ കണ്‍ട്രോള്‍ കമ്മിഷൻ പുറത്താക്കല്‍ റദ്ദാക്കിയതോടെയാണ് സജിമോനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. 2023 ഡിസംബറിലാണ് സജിമോനെ പുറത്താക്കിയത്.
തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്‍റെ അടുപ്പക്കാരനാണ് സജിമോൻ. ഇവരുടെ പിന്തുണയാണ് പാർട്ടിയില്‍ തിരിച്ചെത്താൻ സഹായിച്ചതെന്നാണ് വിവരം. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ഡിഎന്‍എ പരിശോധനയുടെ ഫലം അട്ടിമറിച്ചു, പാര്‍ട്ടി പ്രവര്‍ത്തകയായ മറ്റൊരു യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കേസുകളില്‍ ആരോപണവിധേയനാണ്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്. 2018 ലാണ് ആദ്യം പാർട്ടി ഇയാളെ പുറത്താക്കിയത്. സജിമോൻ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനയിൽ കൃത്രിമം നടത്തിയത് ഈ സമയത്താണ്.
പിന്നീട് പാർട്ടി ഇയാളെ തിരിച്ചെടുത്തു. 2022 ലാണ് വനിത നേതാവിന്‍റെ നഗ്ന വീഡിയോ പ്രചരിപ്പിച്ചതായി പരാതിയുയർന്നത്. തുടർന്ന് പാർട്ടി അന്വേഷണത്തിന് ശേഷം ഇയാളെ പുറത്താക്കി. ഒരേ വിഷയത്തില്‍ തനിക്കെതിരെ രണ്ട് നടപടിയുണ്ടായി എന്നുകാണിച്ച് സജിമോൻ കണ്‍ട്രോള്‍ കമ്മിഷന് പരാതി നല്‍കുകയായിരുന്നു.
വിഷയം പരിശോധിച്ചപ്പോള്‍ നടപടിയില്‍ പാകപ്പിഴകളുണ്ടായി എന്ന വിലയിരുത്തലിനെ തുടർന്നും ഒരു തെറ്റില്‍ രണ്ട് നടപടി വേണ്ടെന്ന് ചൂണ്ടികാണിച്ചുമാണ് കണ്ട്രോൾ കമ്മിഷൻ പുറത്താക്കല്‍ നടപടി റദ്ദാക്കിയത്. പ്രാഥമികാംഗത്വത്തിലേക്ക് തിരിച്ചെടുത്തതിന് പുറമെ തിരുവല്ല നോർത്ത് ലോക്കല്‍ കമ്മിറ്റിയിലേക്ക് ഇയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്‌തു.
ALSO READ: കൗമാരക്കാരിയെ ബലാത്സംഗം ചെയ്‌തു ; 19 കാരന്‍ അറസ്റ്റില്‍