തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ, ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിങ് വിലയിരുതുന്നതിനാണ് നാളെ പ്രധാനമായും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. സർക്കാർ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചിട്ടില്ലെന്നാണ് സി പി എം കണക്കുകൂട്ടൽ. പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് യു ഡി എഫിന് അനുകൂലമായ തരംഗം കേരളത്തിൽ അലയടിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.
20 മണ്ഡലങ്ങളിൽ നിന്നുമുള്ള ബൂത്ത് തലത്തിലെ കണക്ക് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചർച്ച ചെയ്യുമെന്നാണ് വിവരം. അതേസമയം ഇ പി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്‌ചയിൽ കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾ കടുത്ത അതൃപ്‌തിയിലാണ്. യോഗത്തില്‍ ഇപിക്കെതിരായ നടപടിയെ കുറിച്ച് ചര്‍ച്ചയുണ്ടാകുമെന്നും സൂചനയുണ്ട്.
പ്രകാശ് ജാവദേക്കറുമായി തിരുവനന്തപുരം ആക്കുളത്തെ മകന്‍റെ ഫ്‌ളാറ്റില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് വോട്ടെടുപ്പ് ദിനത്തിൽ ഇ പി ജയരാജന്‍ സ്ഥിരീകരിച്ചത്. യുഡിഎഫ് കണ്ണൂര്‍ സ്ഥാനാര്‍ഥി കെ സുധാകരനായിരുന്നു ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് ആദ്യം ആരോപിച്ചത്. പിന്നാലെ, പ്രകാശ് ജാവദേക്കര്‍ ഇ പി ജയരാജനുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞുകൊണ്ട് ബിജെപി നേതാവ് ശോഭാസുരേന്ദ്രനും രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയനും ഇ പി ജയരാജനെതിരെ വിമര്‍ശനമുയര്‍ത്തി. ഇ പി ബന്ധങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് താക്കീത് നല്‍കിയ മുഖ്യമന്ത്രി 'ശിവന്‍ പാപിയുമായി കൂട്ട് കൂടിയാല്‍ ശിവനും പാപിയാകുമെന്ന' പഴഞ്ചൊല്ലും ഓര്‍മ്മിപ്പിച്ചു.