പാലക്കാട്: കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തോട് താത്പര്യം പ്രകടിപ്പിച്ച ഡോ.പി സരിനെ ഇടത് സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച് ഇന്ന് (ഒക്‌ടോബര്‍ 18) തീരുമാനമുണ്ടായേക്കും. ഇതിനായി സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗവും ജില്ല കമ്മിറ്റി യോഗവും ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് സെക്രട്ടേറിയറ്റ് യോഗം തുടങ്ങുക. യോഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ച ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് നീക്കം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പാലക്കാട് മണ്ഡലത്തിന്‍റെ ചുമതലയുള്ള എൻഎൻ കൃഷ്‌ണദാസ്, സിപിഎം ജില്ല സെക്രട്ടറി അടക്കമുള്ള നേതാക്കൾ സരിനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതേസമയം മണ്ഡലത്തിലെത്തിയ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ രാവിലെ മുതൽ പ്രചാരണം ആരംഭിച്ചു.
ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ചുള്ള തീരുമാനവും ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ ഇന്ന് പാലക്കാട് എത്തുന്നുണ്ട്. പിവി അൻവറിന്‍റെ പാർട്ടി, ഡിഎംകെയുടെ സ്ഥാനാർഥി മിൻഹാജും ഇന്ന് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും.