തിരുവനന്തപുരം : മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കി ലോക്‌സഭ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാനൊരുങ്ങി സിപിഎം. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമായത്.
സാധ്യത പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും, മറ്റുചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും ഉണ്ടാവുക. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെയായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.
സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായ ആലത്തൂർ മണ്ഡലം തിരിച്ചുപിടിക്കാൻ മന്ത്രി കെ രാധാകൃഷ്‌ണനെ രംഗത്തിറക്കാനാണ് തീരുമാനം. പത്തനംതിട്ടയിൽ പ്രതീക്ഷിച്ച പോലെ തോമസ് ഐസക് സ്ഥാനാർത്ഥിയാകും. വടകരയിൽ മട്ടന്നൂർ എംഎൽഎയും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ ആണ് സ്ഥാനാർത്ഥി.
പാലക്കാട്ട് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ആണ് സ്ഥാനാർത്ഥി. ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് മത്സരിക്കും. മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ്, പൊന്നാനിയിൽ കെ. എസ്. ഹംസ, എറണാകുളത്ത് കെ.ജെ. ഷൈൻ, ആറ്റിങ്ങലില്‍ വി. ജോയ്, ആലപ്പുഴയിൽ സിറ്റിംഗ് എംപി എ.എം. ആരിഫ്, കാസർകോട് മണ്ഡലത്തിൽ എം.വി. ബാലകൃഷ്ണന്‍ കണ്ണൂരിൽ എം.വി. ജയരാജന്‍ എന്നിവര്‍ മത്സരിക്കും. ഈ മാസം 27ന് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. കൊല്ലത്ത് എം മുകേഷായിരിക്കും മത്സരിക്കുക.
സിപിഎം പട്ടിക
- ആറ്റിങ്ങൽ - വി. ജോയ്
- കൊല്ലം - എം. മുകേഷ്
- പത്തനംതിട്ട - തോമസ് ഐസക്
- ആലപ്പുഴ - എ.എം. ആരിഫ്
- എറണാകുളം - കെ.ജെ. ഷൈൻ
- ചാലക്കുടി - സി. രവീന്ദ്രനാഥ്
- ആലത്തൂര്‍ - കെ. രാധാകൃഷ്ണൻ
- മലപ്പുറം - വി. വസീഫ്
- പൊന്നാനി - കെ.എസ്. ഹംസ
- കോഴിക്കോട് - എളമരം കരീം
- വടകര - കെ.കെ. ശൈലജ
- പാലക്കാട് - എ. വിജയരാഘവൻ
- കണ്ണൂർ - എം.വി. ജയരാജൻ
- കാസർകോട് - എം.വി. ബാലകൃഷ്ണൻ