കോഴിക്കോട്: സിപിഎമ്മിന്‍റെ കരുത്തനായ നേതാവ്, തൊഴിലാളി പ്രസ്ഥാനത്തിന്‍റെ അനിഷേധ്യ നേതാവ്, മന്ത്രിയായും ജനപ്രതിനിധിയായും കഴിവ് തെളിയിച്ച വ്യക്തിത്വം.1971-ൽ കെ.എസ്.എഫിലൂടെയാണ് എളമരം കരീം രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1973-ൽ കെ.എസ്.വൈ.എഫ്. ഏറനാട് താലൂക്ക് കമ്മിറ്റിയിൽ അംഗമായതോടെ യുവജന പ്രസ്ഥാനത്തിന്റേയും ഭാഗമായി. 1974-ലാണ് സി.പി.എം, സി.ഐ.ടി.യു. എന്നീ സംഘടനകളിൽ അംഗമായത്. മാവൂരിലെ ബിർള കോർടം പൾപ് ആൻഡ് ഫൈബർ വർക്കേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി 1979 വരെ പ്രവർത്തിച്ചു.
1986-ൽ ഫാക്ടറി വിടുന്നത് വരെയുള്ള കാലയളവിൽ തൊഴിലാളി സമരങ്ങളിൽ സജീവമായി സാന്നിധ്യമായി. സമരവുമായി ബന്ധപ്പെട്ട് മാവൂർ തൊട്ട് തിരുവനന്തപുരം വരെ നടത്തിയ പദയാത്രയിൽ അറസ്റ്റ് വരിക്കുകയും ഒരാഴ്ചക്കാലത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.1977 മുതൽ 1986 വരെ സി.പി.എം മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. 1989 മുതൽ 1993 വരെ മാവൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. അതിനിടെ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലുമെത്തി. 1998-ൽ ജില്ലാ സെക്രട്ടേറിയറ്റിലുമെത്തി 2005 ൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി. സി.ഐ.ടി.യുവിന്‍റെ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
1996ൽ കോഴിക്കോട് രണ്ടിൽ നിന്നും നിയമസഭാംഗമായി. 2001 ൽ ഇവിടെ നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും ലീഗിലെ ടി.പി.എം സാഹിറിനോട് 787 വോട്ടിന് തോറ്റു. 2006-ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി, എൽ.ഡി.എഫ്. മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയുമായി. 2011-ൽ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും വീണ്ടും നിയമസഭയിലെത്തി.
2018 ൽ രാജ്യസഭാംഗമായി. ആ കാലാവധി തീരാനിരിക്കെയാണ് കോഴിക്കോട് നിന്ന് ലോക്സഭയിലേക്ക് ജനവിധി തേടുന്നത്. ഹാട്രിക് അടിച്ച് നിൽക്കുന്ന എം കെ രാഘവനോട് കോഴിക്കോട്ട സിപിഎമ്മിന്‍റെ ഏറ്റവും കരുത്തനായ നേതാവ് ഏറ്റുമുട്ടുമ്പോൾ മത്സരം ശരിക്കും തീപാറും. മുഹമ്മദ് റിയാസിനും എ വിജയരാഘവനും എ പ്രദീപ് കുമാറിനും നടക്കാത്തത് എളമരത്തിന് സാധിക്കുമോ എന്നാണ് ഇനി കണ്ടറിയണ്ടത്.